പുതുവര്‍ഷത്തില്‍ പോലീസ് കത്തിച്ചത് ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍

തൃശൂര്‍: പുതുവര്‍ഷത്തില്‍ തൃശൂര്‍ സിറ്റി പോലീസ് ഒന്നര കോടിയുടെ ലഹരിവസ്തുക്കള്‍ ചൂളയിലിട്ടു കത്തിച്ചു കളഞ്ഞു. പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കള്‍ നടപടി പൂര്‍ത്തിയായാല്‍ എല്ലാ മാസവും നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിറ്റി പോലീസ്. ഞായറാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ആദ്യ ലഹരിനശിപ്പിക്കല്‍.

പാലിയേക്കരയ്ക്കടുത്തുള്ള ചിറ്റിശ്ശേരിയിലെ ചൂളയില്‍വെച്ചാണ് ഇവ കത്തിച്ചത്. കിലോയ്ക്ക് മുപ്പതിനായിരം രൂപ വരുന്ന 83.27 കിലോ കഞ്ചാവ്, ഗ്രാമിന് മൂവായിരം രൂപ വില വരുന്ന അരക്കിലോ എംഡിഎംഎ., ഗ്രാമിന് 2500 രൂപ വിലവരുന്ന 4.97 കിലോ ഹാഷിഷ് ഓയില്‍ തുടങ്ങിയവ നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. ഹാഷിഷ് ഓയിലിനുമാത്രം ഒരുകോടിയോളം രൂപ വിലവരും.

കഴിഞ്ഞ വര്‍ഷവും 365 കിലോ കഞ്ചാവ്, 2.90 കിലോ എംഡിഎംഎ, 2.14 കിലോഹാഷിഷ് ഓയില്‍ എന്നിങ്ങനെ രണ്ടരക്കോടിയോളം വില വരുന്ന ലഹരിവസ്തുക്കള്‍ എട്ടുതവണയായി കത്തിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ, ക്രൈം ബ്രാഞ്ച് എസിപി വൈ നിസാമുദ്ദീന്‍, നര്‍കോട്ടിക് സെല്‍ എഎസ്‌ഐ. സനീഷ്ബാബു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഷിഫാന, സിപിഒമാരായ സച്ചിന്‍ദേവ്, ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*