തൃശൂർ: തൃശൂർ പൂരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കലക്ടറുടെ നോട്ടീസ് വിവാദമാകുന്നു. അടുത്ത പൂരത്തിന് തേക്കിന്‍കാട് മൈതാനിയിലെ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം സംഘാടകര്‍ക്കാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നോട്ടീസ്. ഇതിനെതിരെ സംയുക്തമായി നിവേദനം നല്‍കാനൊരുങ്ങുകയാണ് മുഖ്യസംഘാടകരായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ചാണ് കലക്ടറുടെ നിര്‍ദ്ദേശം. മാലിന്യങ്ങള്‍ നീക്കുന്നത് കോര്‍പ്പറേഷനാണെന്നും അതിന് നിശ്ചിത തുക പൂരംപ്രദര്‍ശനത്തില്‍ നിന്നും നല്‍കിവരുന്നതുമാണെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടി ഗിരീഷ്കുമാര്‍ പറയുന്നത്. ഇത് കാലങ്ങളായി തുടര്‍ന്നുവരുന്ന കരാറാണ്. കൊച്ചിന്‍ദേവസ്വം ബോര്‍ഡിന്റെ പള്ളിത്താമം ഗ്രൗണ്ടിലാണ് ജൈവമാലിന്യങ്ങള്‍ കുഴിച്ചുമൂടിയിരുന്നത്. ഇത് ഭാവിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് കാണിച്ച് കൊച്ചിന്‍ദേവസ്വം കമ്മീഷണറാണ് കലക്ടര്‍ക്ക് കത്തുനല്‍കിയത്.
വെടിക്കെട്ടിനും ആനയെഴുന്നള്ളിപ്പിനും നിയന്ത്രണങ്ങള്‍ വന്നതിനു പിന്നാലെ പൂരംപ്രദര്‍ശനത്തിനുള്ള തറവാടക വര്‍ധിപ്പിച്ചതും പൂരംസംഘാടകരുടെ എതിര്‍പ്പിനു വഴിവച്ചിരുന്നു. പുതിയ തീരുമാനങ്ങളും പൂരം നടത്തിപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നതായിമാറുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
Be the first to comment