ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂർ പൂരത്തിന് പരിസമാപ്തി

തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് പരിസമാപ്തി. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിഞ്ഞത്. ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്.  2024 ഏപ്രിൽ 19നാണ് അടുത്ത വർ‌ഷത്തെ തൃശൂ‍ർ പൂരം.

തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭ​ഗവതി എഴുന്നള്ളിയത്. എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭ​ഗവതിയും എഴുന്നള്ളി. വടക്കും നാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരൻ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാൽ ​ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുട‍ർന്നാണ് തൃശൂ‍ർ പൂരത്തിന്റെ ഏറ്റവും മനോ​ഹരമായ കാഴ്ചയായ ഇരു ആനകളും തുമ്പിക്കൈ ഉയർത്തി പരസ്പരം ഉപചാരം ചൊല്ലി. 

ഇന്നലത്തെ തിരക്കിലേക്ക് വരാനാകാത്തവരാണ് കൂടുതലും ഇന്നെത്തിയത്. സ്ത്രീകൾ ഏറെ എത്തുന്നത് ഇന്നാണ് എന്നതിനാൽ തന്നെ സ്ത്രീകളുടെ പൂരം എന്നുകൂടി ഇന്നത്തെ പകൽപ്പൂരത്തിനുണ്ട്. ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം പകൽ വെടിക്കെട്ടോടെ ഇക്കൊല്ലത്തെ പൂരം അവസാനിക്കും. അതിന് ശേഷം പൂരക്കഞ്ഞിയും കുടിച്ചായിരിക്കും ദേശക്കാരെല്ലാം തേക്കിൻകാട് മൈതാനിയിൽ നിന്ന് പിരിഞ്ഞുപോകുക. 

Be the first to comment

Leave a Reply

Your email address will not be published.


*