തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സിപിഐ. അന്വേഷണ റിപ്പോർട്ട് റിപ്പോർട്ട് ആശയക്കുഴപ്പങ്ങൾക്ക് വഴി വക്കുന്നു എന്ന പേരിൽ പാർട്ടി മുഖപത്രം ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമർശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്, ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമർശനമുയരുന്നു.
തൃശൂര്‍ പൂരത്തിന്‍റെ ചുമതല മുഴുവൻ ജൂനിയറായ ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത് ശരിയായില്ല. പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്ന കണ്ടെത്തലാണ് എഡിജിപി തന്നെ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. റവന്യു മന്ത്രിയുടെ പോലും യാത്രാ സൗകര്യം നിഷേധിച്ചപ്പോൾ സുരേഷ് ഗോപിക്ക് വഴിയൊരുങ്ങി. സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി എത്തിയത് ദുരൂഹമാണ്. അന്വേഷണ റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിൽ അടക്കം ദുരൂഹതയുണ്ട്. അട്ടിമറിയും ഗൂഢാലോചനയും ഇല്ലെന്ന് വസ്തു നിഷ്ഠമായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച പുറത്തിറങ്ങിയ പത്രത്തിലും എം.ആർ. അജിത് കുമാറിനെ വിമർശിച്ച് ലേഖനം ഇറങ്ങിയിരുന്നു. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരമെന്നാണ് അജിത് തമ്പുരാന്‍റെ കണ്ടുപിടിത്തമെന്ന് ലേഖനം പരിഹസിച്ചിരുന്നു. പിന്നാലെയാണ് മുഖപത്രവും പുറത്തു വന്നിരിക്കുന്നത്. ഇതിലൂടെയെല്ലാം അജിത് കുമാറിന്‍റെ പ്രവർത്തിയിലുള്ള വിമർശനത്തിലുപരി സർക്കാരിനോടുള്ള വിമർശനം കൂടിയാണ് ഉയരുന്നത്.
Be the first to comment