ഇത് ക്യാഷ്‌ലെസ്സ് ഇടപാടുകളുടെ കാലം ; നമ്മുടെ കാർഡ് നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട വഴികൾ

ഇപ്പോള്‍ ക്യാഷ്‌ലെസ്സ് ഇടപാടുകൾക്ക് സ്വീകാര്യത വളരെ കൂടുതലാണ്. യുപിഐ ഇടപാടുകളെ പോലെത്തന്നെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾ കുറവല്ല. ഒരു ക്രെഡിറ്റ് കാർഡിൻ്റെ സഹായത്തോടെ നമുക്ക് ബില്ലുകൾ അടയ്ക്കാം, സാധനങ്ങൾ വാങ്ങാം. കാർഡുകൾ ഉപയോഗിച്ച് പേയ്മെന്‍റുകൾ നടത്തുന്നത് സുരക്ഷിതമാണെങ്കിലും, കാർഡ് നഷ്ടപ്പെട്ടുന്നത് നമ്മുടെ അക്കൗണ്ടിന്‍റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ബാങ്ക് അക്കൗണ്ട് നമ്മുടെ കാർഡുമായി നേരിട്ട് ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഈ അവസരത്തിൽ സാമ്പത്തിക തട്ടിപ്പിനോ മോഷണത്തിനോ നമ്മൾ ഇരയായേക്കാം.

കാർഡ് നഷ്ടപ്പെടുമ്പോൾ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ വേഗത്തിൽ നടപടികൾ സ്വീകരിക്കണം. നമ്മുടെ കാർഡ് നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട വഴികൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. കാർഡ് നഷ്ടപ്പെട്ടാൽ, എത്രയും വേഗം അത് ബ്ലോക്ക് ചെയ്യുകയെന്നതാണ് നമുക്ക് മുന്നിലുള്ള പ്രധാന വഴി. ഇതിനായി നമ്മുടെ ബാങ്കുമായി ബന്ധപ്പെടണം. ആദ്യം കസ്റ്റമർ കെയറിൽ വിളിക്കാം. എല്ലാ കാർഡുകളുടെയും പുറകിൽ ടോൾ ഫ്രീ നമ്പർ പ്രിൻ്റ് ചെയ്തിട്ടുണ്ടാകും. 

അല്ലെങ്കിൽ ബാങ്കിൻ്റെ പേര് സഹിതം ടോൾ ഫ്രീ നമ്പർ ഗൂഗിൾ ചെയ്ത് കണ്ടെത്തി അതിലേക്ക് വിളിക്കാം. ഡയൽ ചെയ്യുന്നതിന് മുമ്പ് ബാങ്ക് അക്കൗണ്ട് നമ്പറും സമീപകാല ഇടപാടുകളും ഉൾപ്പെടെയുള്ള അവശ്യ വിവരങ്ങൾ നമ്മുടെ പക്കലുണ്ടെന്ന് ഉറപ്പാക്കണം. ബാങ്ക് നമ്മുടെ കാർഡ് ബ്ലോക്ക് ചെയ്യും. ബ്ലോക്ക് ചെയ്യൽ വിജയകരമായാല്‍ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ അറിയിപ്പ് പ്രദർശിപ്പിക്കുകയും അറിയിക്കുകയും ചെയ്യും.

കാര്‍ഡ് നഷ്ടപ്പെട്ട വിവരം ബാങ്കിനെ അറിയിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്ത ശേഷം തുടർ നടപടികൾക്കായി സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയെന്നതാണ് അടുത്തതായി ചെയ്യേണ്ടത്. തെറ്റായ ആവശ്യങ്ങള്‍ക്ക് കാര്‍ഡ് ഉപയോഗിക്കപ്പെട്ടാല്‍ ഇതില്‍ ഉത്തരവാദിത്തമില്ലെന്ന് തെളിയിക്കാന്‍ പരാതി നല്‍കുന്നത് വഴി സാധിക്കും.

കാര്‍ഡ് നഷ്ടപ്പെട്ടു എന്നതിന്റെ നിയമപരമായ സാക്ഷ്യപ്പെടുത്തലാണ് എഫ്‌ഐആര്‍. ഇതോടൊപ്പം പുതിയ കാര്‍ഡ് ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷവും ബാങ്കിംഗ് ആപ്പിലെ ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ നമ്മൾ ശ്രദ്ധ പുലര്‍ത്തണം. അസ്വാഭാവിക ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്കിനെ അറിയിക്കുകയും പരാതി നല്‍കുകയും വേണം.

നഷ്ടപ്പെട്ട കാർഡ് എങ്ങനെ കണ്ടെത്തും?

16 അക്ക യുണീക്ക് കാർഡ് നമ്പർ ഓർമ്മയുണ്ടെങ്കിൽ മാത്രമേ നഷ്ടപ്പെട്ട കാർഡ് കണ്ടെത്താൻ കഴിയൂ. എന്നാലും നഷ്ടപ്പെട്ട കാർഡ് വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.

എപ്പോൾ വേണമെങ്കിലും നമുക്ക് പുതിയൊരു കാർഡിനായി അപേക്ഷിക്കാനും 2-3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഒരു പുതിയ കാർഡ് നേടാനും കഴിയും. കാർഡ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്ന സമയത്ത് പുതിയ ഡ്യൂപ്ലിക്കേറ്റ് ഡെബിറ്റ് കാർഡിന്‌ ഇഷ്യൂ ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്യാം.

ഡെബിറ്റ്/ക്രെഡിറ്റ്കാർഡുകള്‍ ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

*പതിവായി ഉപയോഗിക്കുമെന്ന് ഉറപ്പുള്ള കാർഡുകൾ മാത്രം കയ്യിൽ കരുതുക.

* കാർഡുകൾ പോക്കറ്റിൽ സൂക്ഷിക്കുന്നതിന് പകരം വാലറ്റിലോ പേഴ്സിലോ സൂക്ഷിച്ചിക്കുക.

* കാർഡിലെ CVV നമ്പർ, പിൻ മുതലായവ സുരക്ഷിതമായി സൂക്ഷിക്കുക. കാർഡ് നഷ്ടപ്പെട്ടാലും മറ്റുള്ളവർക്ക് പിൻ ലഭിക്കുന്ന തരത്തിൽ രേഖപ്പെടുത്തി വെയ്ക്കരുത്.

* കാർഡ് അക്കൗണ്ട് അവസാനിപ്പിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ കാർഡ് കാലവധി കഴിഞ്ഞാൽ കാർഡ് നശിപ്പിക്കുന്നതിന് മുൻപ് കഷണങ്ങളാക്കണം. കാർഡ് നമ്പർ ഒഴിവാക്കിയെന്ന് ഉറപ്പാക്കണം.

* ക്രെഡിറ്റ് സ്റ്റേറ്റ്മെന്റ് പതിവായി പരിശോധിക്കുക. നമ്മൾ നടത്താത്ത ഏതെങ്കിലും ഇടപാട് കണ്ടാൽ ഉടൻ ബാങ്കിനെ അറിയിക്കുക.

* കാർഡ് വിവരങ്ങൾ ഫോൺ കോളുകളിലൂടെ ആരുമായും പങ്കിടാതിരിക്കുക. നമ്മുടെ കാർഡുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളൊന്നും ബാങ്ക് ഒരിക്കലും ആവശ്യപ്പെടില്ല. അതിനാൽ, CVV നമ്പർ, കാലാവധി തീയതി, പിൻ തുടങ്ങിയ വിശദാംശങ്ങൾ ആരുമായും പങ്കിടരുത്.

നമ്മുടെ കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ എത്രയും വേഗം മേൽപ്പറഞ്ഞ മാർഗങ്ങൾ സ്വീകരിക്കുമല്ലോ.

Be the first to comment

Leave a Reply

Your email address will not be published.


*