ആധാർ – പാൻ കാർഡ് ലിങ്കിങ് ഇന്ന് കൂടി; ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിന് 1000 രൂപ പിഴയോടെ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. എല്ലാ നികുതിദായകരും ജൂലൈ ഒന്നിന് മുൻപ് ആധാറും പാനും ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിർദേശം. അല്ലാത്തപക്ഷം പാൻ പ്രവർത്തനരഹിതമാകും. പാൻ കെവൈസി മാനദണ്ഡമായതിനാൽ ബാങ്കുകളിലെയും മറ്റുമുള്ള സാമ്പത്തിക ഇടപാടുകളും തടസ്സപ്പെടും.

ഇടപാടുകൾ തുടരുന്നതിന് നിക്ഷേപകരോട് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിർദ്ദേശിച്ചിട്ടുണ്ട്. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നിലവിൽ 1000 രൂപയാണ് പിഴ. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധിയെങ്കിലും പിന്നീട് അത് ജൂൺ 30 വരെ നീട്ടുകയായിരുന്നു. സാമ്പത്തിക ഇടപാടുകൾക്ക് ആവശ്യമായ പ്രധാന രേഖയായ പാൻ പ്രവർത്തനരഹിതമായാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

ഒരു വ്യക്തിക്ക് തന്നെ ഒന്നിലധികം പാന്‍ നമ്പറുകൾ അനുവദിക്കുന്നതും, ഒന്നിലധികം ആളുകൾക്ക് ഒരേ പാൻ നമ്പർ അനുവദിക്കുന്നതുമൊക്കെ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആദായ നികുതി വകുപ്പ് ഇങ്ങനെയൊരു നിർദേശം മുന്നോട്ട് വെച്ചത്.

2022 മാർച്ചിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT) പുറപ്പെടുവിച്ച ഉത്തരവിൽ 2017 ജൂലൈ 1 ന് പാൻ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും ആധാർ ബന്ധിപ്പിക്കേണ്ടതാണ്. എൺപത് വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ, ആദായനികുതി നിയമപ്രകാരം പ്രവാസി, ഇന്ത്യൻ പൗരനല്ലാത്തയാള്‍ എന്നിവർക്ക് ആധാർ പാനുമായി ബന്ധിപ്പിക്കേണ്ടതില്ല.

ആധാർ പാനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തന രഹിതമാകും. ഇതോടൊപ്പം ആദായ നികുതി നിയമപ്രകാരമുള്ള നടപടികള്‍ നേരിടേണ്ടിയും വരും. പാൻ പ്രവർത്തന രഹിതമായാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല. അത്തരം റിട്ടേണുകൾ ആദായനികുതി വകുപ്പ് സ്വീകരിക്കില്ല.

Be the first to comment

Leave a Reply

Your email address will not be published.


*