
സെക്രെട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ ചെയ്യുന്ന ആശാപ്രവർത്തകർക്ക് സമരം ചെയ്യുന്ന സ്ഥലം മാറിപ്പോയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. കേന്ദ്ര സർക്കാരിന്റെ ഓഫീസുകൾക്ക് മുന്നിലായിരുന്നു ഇവർ സമരം ചെയ്യേണ്ടിയിരുന്നത്. ആശാ പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ സ്‌കീം ആണ്. ഇപ്പോൾ നടക്കുന്ന സമരത്തിന് രാഷ്ട്രീയം ഉണ്ട്, എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ അവർ സമരം ചെയ്യുന്നില്ലെന്നും ‘ഇർക്കിലി’ സമരം എന്നത് അധിഷേപം അല്ലെന്നും തോമസ് ഐസക് വിമർശിച്ചു.
ആശാ വർക്കേഴ്സിന് അർഹമായ വേതനം നൽകണം. ഇനിയും വർധിപ്പിക്കണം എന്ന കാര്യത്തിൽ സംശയം ഇല്ല. അംഗണവാടി ടീച്ചർമാരുടെ വേതനം, ആശാ വർക്കേഴ്സിൻ്റെ വേതനം, പെൻഷൻ എന്നിവ വർധിപ്പിച്ചത് എൽഡിഎഫാണ്. കേന്ദ്രത്തിൻ്റെ വിവേചനത്തിനെതിരെ കേരളം ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആശാവർക്കർമാരുടെ ജനുവരിയിലെ ഓണറേറിയവും ഇൻസെന്റീവും കൂടി സർക്കാർ അനുവദിച്ചു. ആശമാരുടെ കാര്യത്തിൽ കടുംപിടുത്തം ഇല്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഓണറേറിയം 7000 വരെ ഉയർത്തി.ഇൻസെൻ്റീവ് ഉൾപ്പെടെ 89 ശതമാനം ആശമാർക്ക് 10000 ന് മുകളിൽ ലഭിക്കുന്നുണ്ട്. 13,200 രൂപ വരെ ലഭിക്കുന്ന ആശമാർ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് കേരള സർക്കാർ നൽകിയെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വേണ്ടി മാത്രമല്ല 18 ദിവസമായി സമരം ചെയ്യുന്നതെന്നും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വർക്കേഴ്സ് അറിയിച്ചു. യൂത്ത് കോൺഗ്രസ് സമരത്തിനിടയിലുണ്ടായ അക്രമത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് ആശാ വർക്കേഴ്സ് പ്രതികരിച്ചു. അക്രമം ഉണ്ടാക്കുന്നത് സമരത്തെ ഏറെ ദോഷമായി ബാധിക്കും. പിന്തുണ നൽകുന്നത് നല്ലതെന്നും സമരക്കാർ വ്യക്തമാക്കി.
Be the first to comment