1983-ല്‍ അമേഠിയിലേക്ക് രാജീവ് ഗാന്ധിക്കൊപ്പം വന്നതാണ് കിശോരിലാല്‍ ശര്‍മ. പിന്നീട്, അമേഠിയിലേയും റായ്ബറേലിയിയേലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കിഷോരിലാല്‍ പരിചിതമുഖമായി. ആദ്യം രാജീവ് ഗാന്ധിക്കൊപ്പം, പിന്നീട് സോണിയയുടേയും രാഹുലിന്റേയും സന്തതസഹചാരി. ഇപ്പോള്‍, രാഹുല്‍ കളം മാറിയ അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നാല് പതിറ്റാണ്ട് വന്‍മരങ്ങളുടെ നിഴലായി നിന്ന് രണ്ട് മണ്ഡലങ്ങളില്‍ ഓടിനടന്ന കിശോരിലാല്‍ ശര്‍മ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. സോണിയയ്ക്കും രാഹുലിനും വേണ്ടി ഓടിനടന്ന പഴയ അമേഠിയല്ല കിശോരിലാലിനെ കാത്തിരിക്കുന്നത്. സ്മൃതി ഇറാനി കഥമാറ്റിയെഴുതിയ അമേഠിയില്‍ കിഷോരിലാലിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല.
1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷവും കിഷോരിലാല്‍ അമേഠിയില്‍ തന്നെ തുടര്‍ന്നു. സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരാതിരുന്ന ആ കാലഘട്ടത്തില്‍, മറ്റു നേതാക്കള്‍ക്ക് വേണ്ടിയും കിശോരിലാല്‍ പ്രചാരണം നടത്തി. 1999-ല്‍ സോണിയ ആദ്യമായി തിരഞ്ഞെടുപ്പ് കളരിയിലിറങ്ങിയപ്പോള്‍, മുഖ്യ പ്രചാരകൻ്റെ വേഷം കിഷോരിലാല്‍ ഏറ്റെടുത്തു. രാജീവിൻ്റെ ഓര്‍മ്മകളുറങ്ങുന്ന അമേഠിയുടെ മണ്ണില്‍ കിശോരിലാല്‍ സോണിയക്കൊപ്പം നടന്നു. രാജീവ് ഗാന്ധിക്ക് ഉണ്ടായിരുന്ന അതേ പരിഗണന സോണിയയും പിന്നീട് രാഹുലും അദ്ദേഹത്തിന് നല്‍കി.
2004-ല്‍ സോണിയ റായ്ബറേലിയിലേക്ക് മാറുകയും രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മത്സരത്തിനിറക്കുകയും ചെയ്തു. അന്നും അമേഠിയില്‍ രാഹുലിൻ്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കിശോരിലാല്‍ തന്നെയായിരുന്നു. സോണിയ റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിച്ചതോടെ, രണ്ടു മണ്ഡലങ്ങളിലും കിഷോരിലാല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ദേശീയനേതാക്കളായതിനാല്‍, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും റായ്ബറേലിയിലും അമേഠിയുലും സ്ഥിരമായി എത്താറില്ല. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ മാര്‍ഗം കിശോരിലാല്‍ ആയിരുന്നു. പദ്ധതികളുടെ ഏകോപനവും നടത്തിപ്പുമായി കിഷോരിലാല്‍ ഇരു മണ്ഡലങ്ങളിലും നിറഞ്ഞുനിന്നു. ഇതിനിടെ, ബിഹാറിൻ്റെയും പഞ്ചാബിൻ്റെയും ചുമതലയുള്ള എഐസിസി അംഗമായി. അപ്പോഴും റായ്ബറേലിയും അമേഠിയും വിട്ടുകളയാന്‍ കിഷോരിലാല്‍ തയാറായില്ല.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേയിലില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കും എന്നായിരുന്നു കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിച്ച ആദ്യ സൂചനകള്‍. എന്നാല്‍, പത്രികാസമര്‍പ്പണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍പ്രൈസ് അവസാനിപ്പിച്ച കോണ്‍ഗ്രസ്, കിശോരിലാലിന് അമേഠി നല്‍കി.
Be the first to comment