
ദുബായ്: വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ലോകകപ്പില്‍ രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. ലങ്കയ്ക്കെതിരെ വലിയ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്താനാകൂ. രാത്രി ഏഴരയ്ക്കാണ് മത്സരം.
ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തകര്‍ന്നടിഞ്ഞ ഹര്‍മന്‍പ്രീത് കൗറിന്റെ സംഘം പാകിസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കിയാണ് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നത്. പാകിസ്ഥാനുമായുള്ള കളിക്കിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന.
മറുവശത്ത് കളിച്ച രണ്ട് കളിയും തോറ്റ ലങ്ക അവസാന സ്ഥാനത്താണ്. ലങ്കയുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു. ലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോഡാണുള്ളത്. 19 കളിയില്‍ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് തോല്‍വി നേരിട്ടത്. മലയാളി താരങ്ങളായ ആശ ശോഭനയും സജനയും കളിച്ചേക്കും.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക സ്‌കോട്ലന്‍ഡിനെ നേരിടും. അവസാനകളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
Be the first to comment