ഇന്ന് ദേശീയ കരസേനാ ദിനം; ധീര സൈനികരുടെ പോരാട്ടത്തിന്റെയും ത്യാ​ഗത്തിന്റെയും ദിനം

Sunu Valampulithara

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനമാണിന്ന്. ദേശീയ കരസേനാ ദിനം (Indian Army Day). സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മ്മപ്പെടുത്തുന്ന ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്‌ക്കായാണ് രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതല്‍ രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യന്‍ കരസേന.

അതിര്‍ത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്‌ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും അത്യാവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് കരസേനയുടെ പ്രധാന ധര്‍മ്മങ്ങള്‍. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് കരസേനാ ദിനത്തില്‍ ആദരവര്‍പ്പിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ച് രാജ്യത്തിനായി പോരാടുന്നവരാണ് സൈനികര്‍.

സ്വന്തം കുടുംബവും ജീവനും മറന്നാണ് രാഷ്‌ട്രത്തിനായി അവര്‍ സേവനമര്‍പ്പിക്കുന്നത്. നാം ഉറങ്ങുമ്പോഴും രാജ്യത്തിനായി ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന ഓരോ സൈനികര്‍ക്കുമുള്ള ആദരവാണ് കരസേനാ ദിനം. 

Be the first to comment

Leave a Reply

Your email address will not be published.


*