ഇന്ന് രാജ്യാന്തര ബാലികാദിനം

എല്ലാക്കൊല്ലവും ഒക്‌ടോബര്‍ 11 രാജ്യാന്തര ബാലികാദിനമായി ആചരിച്ച് വരുന്നു. ലോകമെമ്പാടുമുള്ള പെണ്‍കുഞ്ഞുങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും അവ പരിഹരിക്കുകയുമാണ് ഇത്തരമൊരു ദിനാചരണത്തിന്‍റെ ഉദ്ദേശ്യം. വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വ എന്നീ മേഖലകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി അവയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുകയും പെണ്‍കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സാക്ഷാത്ക്കരിക്കുകയും അവരെ ശാക്തീകരിക്കുകയുമാണ് ഈ ദിനാചരണം മുന്നോട്ട് വയ്ക്കുന്ന മഹത്തായ ആശയം.

ഐക്യരാഷ്‌ട്രസംഘടന 2012 മുതലാണ് രാജ്യാന്തര ബാലികാദിനം ആചരിക്കാന്‍ തുടങ്ങിയത്. പെണ്‍കുട്ടികളുടെ ജീവിതവും അവസരങ്ങളും മെച്ചപ്പെടുത്താനും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.

ലഘുചരിത്രം: പെണ്‍കുഞ്ഞുങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അവബോധമുണ്ടാക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഐക്യരാഷ്‌ട്രസഭ 2012 മുതല്‍ ഇത്തരമൊരു ദിനാചരണത്തിന് ആഹ്വാനം ചെയ്‌തത്. ലിംഗസമത്വം, പെണ്‍കുട്ടികളെ ശാക്തീകരിക്കല്‍ എന്നിവയിലൂന്നിക്കൊണ്ടുള്ള ഐക്യരാഷ്‌ട്രസഭ പൊതുസഭയുടെ 2005ലെ ഒരു പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

2012 ഒക്‌ടോബര്‍ 11നാണ് ആദ്യമായി രാജ്യാന്തര ബാലിക ദിനം ആചരിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവ പരിഹരിക്കാന്‍ രാജ്യാന്തര സമൂഹം പ്രതിജ്ഞബദ്ധമാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ദിനാചരണത്തിന് തുടക്കമിട്ടത്. ദിനാചരണത്തിന്‍റെ ഉദ്ദേശ്യത്തിലും പെണ്‍കുഞ്ഞുങ്ങള്‍ നേരിടുന്ന വെല്ലുവിളികളിലും ഊന്നിയുള്ള വിഷയങ്ങളാണ് ഓരോ വര്‍ഷവും ദിനാചരണത്തിനായി തെരഞ്ഞെടുക്കുന്നത്.

  • ദിനാചരണത്തിന്‍റെ പ്രാധാന്യം:

ലോകമെമ്പാടുമുള്ള പെണ്‍കുഞ്ഞുങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടും അവരുടെ ശാക്തീകരണം ഉയര്‍ത്തിക്കാട്ടാനുമാണ് രാജ്യാന്തര ബാലികാദിനം ആചരിക്കുന്നത്. ലിംഗഅസമത്വം, വിദ്യാഭ്യാസം, ആരോഗ്യം, പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം നല്‍കാനും ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നേടിയെടുക്കുക, അവരില്‍ നേതൃത്വപാടവം വളര്‍ത്തുക, പെണ്‍കുട്ടികള്‍ക്ക് അവരുടെ മുഴുവന്‍ കഴിവുകളും ഉപയോഗിക്കാനാകും വിധം അവസരങ്ങള്‍ ഉറപ്പാക്കുക എന്നിവയും ദിനാചരണത്തിന്‍റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നു. ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സമത്വ സുന്ദര ഭാവി സൃഷ്‌ടിക്കാനുള്ള ആഗോള പരിപാടികളും സഹകരണവും ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.

ലിംഗസമത്വം നേടുകയും വനിതാ ശാക്തീകരണവും എന്നതാണ് പതിനേഴ് ലക്ഷ്യങ്ങളില്‍ ഓരോന്നും മുന്നോട്ട് വയ്ക്കുന്നത്. ഉള്‍ക്കൊള്ളലും നീതിയും ഉറപ്പാക്കാന്‍ ഓരോ സ്‌ത്രീയുടെയും പെണ്‍കുട്ടിയുടെയും അവകാശങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഉള്‍ക്കൊള്ളുന്ന സമ്പദ്ഘടനകള്‍ സൃഷ്‌ടിക്കാനാകൂ. പെണ്‍കുഞ്ഞുങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന നമ്മുടെ കൂട്ടായ പരിസ്ഥിതി ഇപ്പോഴും ഭാവിയിലും എന്നത്തേക്കുമായി നമുക്ക് കാത്ത് വയ്ക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*