ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; യോഗ ശരീരത്തിനും മനസ്സിനും

Blessy Thankachan

ഭാരതത്തിൻറെ പൗരാണിക പാരമ്പര്യത്തിന്റെ സംഭാവനയാണ് യോഗ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 2014 ൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാം എന്ന ആശയം നിർദേശിച്ചത്. ‘ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും പിരിമുറുക്കം നിറഞ്ഞ ജീവിത ശൈലികളിൽ നിന്ന് മാറി നടക്കാനുമുള്ള ഒരു പദ്ധതി കൂടിയായി പ്രചരിപ്പിക്കുവാനുമാണ് യോഗാ ദിനം ആചരിക്കുന്നത്. 

ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മേഷത്തിന് കാരണമാകുന്നു. ചിന്തയുടെയും പ്രവർത്തിയുടെ മേലുള്ള നിയന്ത്രണം സാധ്യമാകാനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിത അവസ്ഥ നിലനിർത്താനും ശാരീരിക മാനസിക ഘടകങ്ങളെ നിയന്ത്രിച്ചു ആരോഗ്യപരമായിരിക്കാനും യോഗ അഭ്യസിക്കുന്നതിലൂടെ സാധിക്കുന്നു.

ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് അവയെ നിയന്ത്രിക്കേണ്ടതിനെപ്പറ്റി ചിന്തിക്കേണ്ടത് അനിവാര്യമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് തിരികേ ചുവട് വെക്കേണ്ടതും ഇന്നിൻ്റെ ആവശ്യമാണ്. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിച്ച് മാനസിക പിരിമുറുക്കങ്ങളെ കുറച്ച് കാര്യക്ഷമമായി ജീവിതം നയിക്കാൻ യോഗ സഹായിക്കുന്നു എന്നത് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ വിഷാദരോഗത്തിൽ തുടങ്ങി ശാരീരികമായ പല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഒരു പരിഹാരമാണിതെന്നും കണ്ടെത്തിയിരിക്കുന്നു.

ആരോഗ്യകരമായ മനസ്സിന്റെയും ശരീരത്തിന്റെയും സംയോജനമാണ് യഥാർത്ഥ ഫിറ്റ്നസ്. .ഒരാൾ സ്വയം ഫിറ്റായിരിക്കുക എന്നതിനർത്ഥം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആരോഗ്യശേഷിയും ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുക എന്നാണ്. ഇത് നേടിയെടുക്കാൻ ഒരാളെ സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് യോഗ. നമ്മുടെ ശരീരത്തിൻ്റെ ആവശ്യകതകളെ കുറച്ചു കൂടി പ്രാധാന്യത്തോടെ നോക്കി ക്കാണേണ്ട ഇക്കാലത്ത് യോഗയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതും നമ്മുടെ പാരമ്പര്യത്തിന്റെയും പൈതൃകത്തിൻ്റെയും ഭാഗമായ യോഗയെ ഒരു ശീലമാക്കി മാറ്റാൻ ശ്രമിക്കുക എന്നതും വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*