മലയാള സിനിമയുടെ ഷാജിപാപ്പൻ; ജയസൂര്യക്ക് ഇന്ന് പിറന്നാൾ മധുരം

രണ്ട് പതിറ്റാണ്ടാലേറെ ആയി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പേരിന് ഉടമയായ ജയസൂര്യ ആരുടേയും കൈതാങ്ങില്ലാതെ, മലയാള സിനിമയുടെ മുൻനിരയിൽ എത്താൻ ആത്മാർത്ഥമായി പരിശ്രമിച്ച പ്രതിഭയാണ്. ചോക്ലേറ്റ് നായകനിൽ നിന്ന് മാസ്സ് ഹീറോ ഷാജി പാപ്പനായും കലിപ്പൻ മേക്കോവറിൽ പുള്ള് ഗിരിയായും നമ്മുടെയെല്ലാം മനം കവർന്ന മേരിക്കുട്ടിയായും മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്‌കോ ആയും ക്യാപ്റ്റനായും സുജാതയുടെ സ്വന്തം രാജീവ് ആയുമെല്ലാം തിളങ്ങിയ ജയസൂര്യക്ക് ഇന്ന് പിറന്നാൾ മധുരം. 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെ ആണ് ബി​ഗ് സ്ക്രീനിൽ എത്തുന്നത്. വിവിധ മിമിക്രി ട്രൂപ്പുകളിൽ സജീവമായി പ്രവർത്തിച്ച ജയസൂര്യ, എഷ്യാനെറ്റ് കേബിൾ വിഷനിൽ അവതാരകനായിരുന്നു. അക്കാലത്ത് വിവിധ സീരിയലുകളിൽ അഭിനേതാക്കൾക്ക് താരം ശബ്ദം നൽകി. 2001ൽ റിലീസായ ‘അപരന്മാർ നഗരത്തിൽ’ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടാണ് ജയസൂര്യ വെള്ളിത്തിരയിൽ എത്തുന്നത്. 

2002ൽ വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിൽ നായകനായി എത്തിയതോടെ ജയസൂര്യയുടെ കരിയർ ​ഗ്രാഫ് ഉയരുക ആയിരുന്നു. മുൻനിര താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന ആ കാലത്ത് അവരില്ലാതെ, പുതിയൊരു നടനെ വച്ച് സിനിമ ചെയ്യുക എന്ന പരീക്ഷണത്തിന് വിനയൻ തയ്യാറാകുക ആയിരുന്നു. കാവ്യ മാധവനും നായികയായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്നും ഏറെ ആരാധകരാണ് ഈ ചിത്രത്തിനുള്ളത്. ഈ ചിത്രത്തിന് ശേഷം ജയസൂര്യയ്ക്ക് പിന്നെ തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.  ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്റെ’ റീമേക്കിലൂടെ തമിഴിലും ജയസൂര്യ നായകനായി. 

ഇമ്മിണി നല്ലൊരാൾ, കേരള ഹൗസ് ഉടൻ വില്പനയ്ക്ക്, ഇവർ വിവാഹിതരായാൽ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു,സ്വപ്നക്കൂട്,  എന്നീ സിനിമകളിലെ അഭിനയത്തോടെ മലയാള സിനിമയിലെ മുൻനിര നായകനായി ജയസൂര്യ ഉയർന്നു. ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ ശരീരം തളർന്ന വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമായി എത്തി ജയസൂര്യ തന്റെ സാന്നിധ്യം ഊട്ടി ഉറപ്പിക്കുക ആയിരുന്നു. ട്രിവാൻഡ്രം ലോഡ്ജ്, 101 വെഡിങ്സ്, മുംബൈ പൊലീസ്, അപ്പോത്തിക്കരി  എന്നീ ചിത്രങ്ങളിൽ ജനശ്രദ്ധനേടിയ കഥാപാത്രങ്ങൾ.  2014-ൽ റിലീസായ ഇയ്യോബിൻ്റെ പുസ്തകം എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ഏത് വേഷങ്ങളിലും അഭിനയിക്കാനുള്ള കഴിവ് അദ്ദേഹം പ്രകടമാക്കി.

ഭിന്നലിംഗക്കാരോട് സമൂഹം വച്ചു പുലര്‍ത്തുന്ന അയിത്ത മനോഭാവത്തെ തുറന്നുകാട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ മേരിക്കുട്ടി’. അസാധാരണമാം വിധം ചിത്രത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രമായി ജീവിക്കുകായായിരുന്നു ജയസൂര്യ.

ജയസൂര്യയിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തി. 62-ാമത് ഫിലിംഫെയർ അവാർഡ് സൗത്തിൽ അപ്പോത്തിക്കിരിയിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചു. 2016ൽ, സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 46-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി അവാർഡും 63-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക പരാമർശവും ജയസൂര്യ നേടി. 2018ൽ ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങൾക്കും 2020ൽ വെള്ളം എന്ന ചിത്രത്തിനും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അദ്ദേഹം നേടി.

നിലവിൽ കരിയറിലെ മറ്റൊരു പരീക്ഷണ ചിത്രത്തിനുള്ള ഒരുക്കത്തിലാണ് ജയസൂര്യ. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ ആണ് ആ ചിത്രം. ഇതുവരെ കാണാത്ത ലുക്കിലും പ്രകടനത്തിലും എത്തുന്ന ജയസൂര്യയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ ഇപ്പോൾ. 

Be the first to comment

Leave a Reply

Your email address will not be published.


*