ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയിൽ രാജ്യം

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ന് എല്ലാ വർഷവും ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു.

1888 നവംബർ 18 ന് ജനിച്ച അബുൽ കലാം ആസാദ് ഒരു ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകനും എഴുത്തുകാരനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്നു. രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അദ്ദേഹം ഇന്ത്യൻ സർക്കാരിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായി. 1947 ഓഗസ്റ്റ് 15 മുതൽ 1958 ഫെബ്രുവരി 2 വരെ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1958 ഫെബ്രുവരി 22 ന് ഡൽഹിയിൽ വച്ച് അന്തരിച്ചു.

മൗലാനാ അബുൽ കലാം ആസാദ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 

ആദ്യത്തെ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആസാദിന്റെ പ്രധാന ശ്രദ്ധ ഗ്രാമീണ ദരിദ്രർക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകുന്നതായിരുന്നു. മുതിർന്നവരുടെ സാക്ഷരത, 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവും, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം, സെക്കൻഡറി വിദ്യാഭ്യാസത്തിന്റെയും തൊഴിലധിഷ്ഠിത പരിശീലനത്തിന്റെയും വൈവിധ്യവൽക്കരണം എന്നിവയായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ച മറ്റ് പ്രധാന മേഖലകൾ.

1951 ൽ 18.3 ശതമാനമായിരുന്ന ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 2018 ൽ 74.4 ശതമാനമായി. 2021-ൽ സാക്ഷരതാ നിരക്ക് 77.7 ശതമാനമായി ഉയർന്നു. 1947ൽ 28 മെഡിക്കൽ സ്കൂളുകളും 4 ഡെന്റൽ കോളജുകളും 33 എൻജിനീയറിങ് കോളജുകളും മാത്രമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. ഇന്ന് അമേരിക്കൻ ഐക്യനാടുകളും ചൈനയും കഴിഞ്ഞാൽ ഏറ്റവുമധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എജ്യുക്കേഷനൽ ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു. 54 കേന്ദ്രസർവകലാശാലകളടക്കം 1047 സർവകലാശാലകളും അമ്പതിനായിരത്തിലധികം കോളജുകളാണ് നിലവിൽ രാജ്യത്തുള്ളത്. 14 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു നൽകുന്നു.

യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ കമ്മീഷൻ, സെക്കൻഡറി എജ്യൂക്കേഷൻ കമ്മീഷൻ തുടങ്ങീ പ്രധാനപ്പെട്ട കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്നത് മൗലാന അബുൾ കലാം ആസാദിന്റെ കാലഘട്ടത്തിലാണ്. 2008 മുതൽ എല്ലാ വർഷവും നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*