ഇന്ന് ദേശീയ വ്യായാമ ദിനം; ദിവസവും വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം

ഇന്ന് ദേശീയ വ്യായാമ ദിനം. ശാരീരികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനും ആരോഗ്യത്തിനും മികച്ച ജീവിതരീതിക്കും ദിവസവും വ്യായാമം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് വ്യായാമദിനം ആചരിക്കുന്നത്. സ്‌പോര്‍ട്‌സ്, ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍, ജിം വര്‍ക്ഔട്ട് എന്നിവ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നതിനും ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ ജീവിതശൈലി ക്രമീകരിക്കേണ്ടതിനും ഈ ദിനം ജനങ്ങളെ പ്രാപ്തരാക്കുന്നു. ദിവസവും വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

  • ദിവസവുമുള്ള വ്യായാമം ഹൃദയത്തെ ശക്തമാക്കുകയും രക്തപ്രവാഹം കൂട്ടി ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നടത്തം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ ആരോഗ്യകരമായ ഹൃദയത്തിനും ദീര്‍ഘായുസ് നേടാനും സഹായിക്കും.
  • മാംസപേശികളുടെ ആരോഗ്യം നിലനിര്‍ത്താനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട വഴക്കം നല്‍കാനും അപകടങ്ങള്‍ തടയാനും ദിവസേനയുള്ള വ്യായാമം സഹായിക്കും. റസിസ്റ്റന്‍സ് ട്രെയ്‌നിങ്, യോഗ, പൈലേറ്റ് എന്നിവ മസിലുകളുടെ ശക്തി കൂട്ടുകയും വീഴ്ചയിലുണ്ടാകുന്ന ആഘാതം പ്രതിരോധിക്കുകയും ചെയ്യുന്നു. പ്രായമായവര്‍ ഇത്തരം വ്യായാമങ്ങള്‍ ശീലമാക്കുന്നത് ഗുണകരമാണ്.
  • ഏതെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് കലോറി എരിച്ചുകളയാന്‍ സഹായിക്കും. ദിവസേനയുള്ള വ്യായാമം ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ലീന്‍മസിലുകള്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായകമാകും.
  • സന്തോഷവും സമാധാനവും ജനിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളും ന്യൂറോട്രാന്‍സ്മിറ്ററുകളും വ്യായാമം ചെയ്യുമ്പോള്‍ റിലീസ് ചെയ്യുന്നു. ദിവസേനയുള്ള വ്യായാമം സമ്മര്‍ദവും വിഷാദവും അകറ്റാനും മാനസികാരോഗ്യം നിലനിര്‍ത്താനും സഹായിക്കും. യോഗ, നടത്തം എന്നിവ സമ്മര്‍ദം അകറ്റാന്‍ സഹായിക്കുന്നവയാണ്.
  • വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെയും ഓര്‍മ, ഏകാഗ്രത, തലച്ചോറിൻ്റെ ആരോഗ്യം എന്നിവയെ പ്രോത്സാഹിപ്പിക്കാനും ദിവസേനയുള്ള വ്യായാമം ഗുണകരമാണ്. ഇതുവഴി ഡിമെന്‍ഷ്യക്കുള്ള സാധ്യത കുറയ്ക്കാനും സാധിക്കും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്ന തരത്തിലുള്ള എയ്‌റോബിക് വ്യായാമങ്ങള്‍ ന്യൂറോണുകളുടെ വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുകയും ന്യൂറല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  • ദിവസനേയുള്ള വ്യായാമം പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. അണുബാധ, പനി, ജലദോഷം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആന്‌റിബോഡികളുടെയും പ്രതിരോധ കോശങ്ങളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക വഴി നീര്‍വീക്ക സാധ്യത കുറയ്ക്കുകയും രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള ശരീരത്തിൻ്റെ ശേഷി വര്‍ധിപ്പിക്കുകയും മൊത്തത്തലുള്ള ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
  • നല്ല ഉറക്കം ലഭിക്കാനും വ്യായാമം സഹായിക്കും. ദിവസേനയുള്ള ശാരീരിക വ്യായാമങ്ങള്‍ ഉറക്കത്തിൻ്റെ സൈക്കിള്‍ നിയന്ത്രിക്കുകയും വിശ്രമം നല്‍കുകയും ഇന്‍സോംനിയ ലക്ഷണങ്ങള്‍ ലഘൂകരിക്കുകയും ഗാഢനിദ്ര നല്‍കുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*