തമിഴ്‌നാട്ടിൽ ഇന്ന് തൈപൊങ്കൽ; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം ആഘോഷിച്ചു ഭക്തർ

തമിഴ്‌നാട്ടിൽ ഇന്ന് പൊങ്കൽ. ആഘോഷങ്ങൾ നേരത്തെ ആരംഭിച്ചെങ്കിലും തൈപ്പൊങ്കലായ ഇന്നാണ് പ്രധാന ദിവസം. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വീടിനു മുന്നിൽ വർണാഭമായ കോലങ്ങളിട്ട്, പുറത്ത്, അടുപ്പു കൂട്ടി പൊങ്കാല അർപ്പിയ്ക്കുകയാണ് ഇന്നത്തെ പ്രധാന ചടങ്ങ്. 

ഇന്നലെ ബോഗിയായിരുന്നു. വീട്ടിലുള്ള പഴകിയ വസ്തുക്കളെല്ലാം ഒഴിവാക്കി വീടും പരിസരവുമെല്ലാം ശുദ്ധിയാക്കി വയ്ക്കുന്ന ദിവസം. അതിനു ശേഷമാണ് തൈപ്പൊങ്കലെത്തുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് തമിഴ് നാട്ടുകാർക്ക് പൊങ്കൽ. സൂര്യദേവനുള്ള സമർപ്പണമായാണ് ഈ ദിനത്തെ കാണുന്നത്.

പൊങ്കൽ പാനയെന്ന് വിളിയ്ക്കുന്ന മൺകലത്തിൽ അരിയിട്ട് പാലിൽ വേവിയ്ക്കും.പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. ഇതിനുപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക.

ബോഗി, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ ഇങ്ങനെയാണ് പൊങ്കലുമായി ബന്ധപ്പെട്ട് നാലുദിവസത്തെ ആചാരങ്ങൾ. മാട്ടുപ്പൊങ്കൽ ദിവസമാണ് ജല്ലിക്കെട്ട് നടക്കുക. വർഷം മുഴുവൻ കർഷകരെ സഹായിക്കുന്ന കാലികൾക്കുള്ള ആദരമാണ് ഈ ദിനം. ബന്ധുവീടുകളിലുള്ള സന്ദർശനമാണ് കാണുംപൊങ്കൽ ദിവസത്തിലെ പ്രധാന ആഘോഷം. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*