ഒഞ്ചിയത്ത് ടിപിയില്ലാത്ത 12 വർഷം; ടിപി ചന്ദ്രശേഖരൻ്റെ 12ാം രക്തസാക്ഷി ദിനമാണ് ഇന്ന്

കോഴിക്കോട്: വിശേഷണങ്ങൾ ആവശ്യമില്ലാത്ത നേതാവാണ് ടി പി ചന്ദ്രശേഖരൻ. സിപിഐഎം നേതാവും ആർഎംപി സ്ഥാപകനുമായ ടിപി ചന്ദ്രശേഖരത്ത 12ാം രക്തസാക്ഷി ദിനമാണ് ഇന്ന്. എതിരാളികൾ വെട്ടി നുറുക്കിയ ടിപി ചന്ദ്രശേഖരൻ ഒഞ്ചിയത്തുകാർക്ക് ഇന്നും നീറുന്ന ഓർമ്മയാണ്. 51 വെട്ടാണ് ടിപിയുടെ മൃതദേഹത്തിലുണ്ടായിരുന്നത്. കൊന്നാൽ ഇല്ലാതാക്കാൻ കഴിയുന്നതല്ല ടിപി ഉയർത്തിയ ആശയങ്ങളെന്നാണ് ടിപിയുടെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമ എംഎൽഎ ഓരോ ദിവസവും പറഞ്ഞും പ്രവർത്തിച്ചും തെളിയിക്കുന്നത്.

കൊല്ലപ്പെട്ടിട്ട് 12 കൊല്ലമായെങ്കിലും ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും വടകരയിലെ പ്രധാന ചർച്ച വിഷയം ടിപി തന്നെയായിരുന്നു. ഇന്ന് ഓർക്കാട്ടേരിയിൽ സമ്മേളനവും വീട്ടിലെ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചനയടക്കമുള്ള പരിപാടികളും നടക്കുന്നുണ്ട്. ഹൈക്കോടതി വിധിയിലുടെ ടിപി‌ക്ക് കൂടുതൽ നീതി ലഭിച്ച ഒരു വർഷം കൂടിയാണ് ഇത്. സിപിഐഎമ്മിന്റെ രണ്ട് നേതാക്കളെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഇത് പ്രതികളായ സിപിഐഎം നേതാക്കളിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ രമ, പാർട്ടി നേതൃത്വം അറിയാതെ കൊലപാതകം നടക്കില്ലെന്ന് ഇന്നും ആവർത്തിച്ചു. ടിപിയുടെ ഓർമ്മകൾ പോലും ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇവിടെ ചടങ്ങുകൾ നടക്കുന്നത് അവരെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ ഇന്നും ടി പി നിറഞ്ഞുനിൽക്കുകയാണ്. എത്ര വിസ്മരിക്കാൻ ശ്രമിച്ചാലും ടിപി നിർണ്ണായകമാണെന്നും കെ കെ രമ എംഎൽഎ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*