കേരള കോണ്‍ഗ്രസിന് ഇന്ന് 60ാം ജന്മദിനം

കേരള കോണ്‍ഗ്രസിന് ഇന്ന് 60ാം ജന്മദിനം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായക ഏടുകള്‍ എഴുതി ചേര്‍ത്ത് തന്നെയാണ് കേരള കോണ്‍ഗ്രസ് അറുപതാം വസിലേക്ക് എത്തി നില്‍ക്കുന്നത്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്ത കേരള കോണഗ്രസ് വിവിധ മുന്നണികളുടെ ഭാഗമായതും ചരിത്രമാണ്. വിപുലമായ ജന്മദിന പരിപാടികളാണ് വിവിധ കേരള കോണ്‍ഗ്രസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

ആര്‍ ശങ്കര്‍ മന്ത്രി സഭയിലെ പൊട്ടിതെറിയും ആഭ്യന്തരമന്ത്രിയായിരുന്ന പിടി ചാക്കോയുടെ പീച്ചി യാത്രയും അപകടവും രാജിയും തുടര്‍ന്ന് ചാക്കോയുടെ മരണവുമാണ് കേരള കോണ്‍ഗ്രസിന്റെ
പിറവിയിലേക്ക് വഴിവെച്ചത്. ശങ്കര്‍മന്ത്രി സഭയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ ചാക്കോ അനുകൂലികളായ കെഎം ജോര്‍ജ്ജ് അടക്കമുള്ള 15 പേര്‍ അനുകൂലിച്ചതോടെ കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണവും അവസാനിച്ചു. പിന്നാലെയായിരുന്നു കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പറവി. കെഎം ജോര്‍ജ്ജ് ചെയര്‍മാനും എന്‍ ഭാസ്‌കരന്‍ നായര്‍ ഇ ജോണ്‍ ജേക്കബ് വൈസ് ചെയര്‍മാന്‍മാരുമായി.

മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ആര്‍ ബാലകൃഷ്ണപിള്ള, കെ ആര്‍ സരസ്വതിയമ്മ എന്നിവര്‍ സെക്രട്ടറിമാരായി. 1965ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 25 സീറ്റും നേടി കരുത്തും തെളിയിച്ചു. വളരും തോറും പിളരും പിളരും തോറും വളരും എന്ന് പറഞ്ഞ കെഎംമാണി തന്നെയാണ് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് തുടക്കമിട്ടത്. 1976ല്‍ അങ്ങനെ ആദ്യമായി കേരള കോണ്‍ഗ്രസ് പിളര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ രൂപീകരണ കാലത്ത് കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നു കെ എംമാണി എന്നത് മറ്റൊരു ചരിത്ര കൗതുകം.

കെഎം ജോര്‍ജ്ജിന്റെ മരണ ശേഷം ആ വിഭാഗത്തിന്റെ നേതൃത്വം ആര്‍ ബാലകൃഷ്ണപിള്ള ഏറ്റെടുത്തു. 79 ല്‍ മാണി വിഭാഗം പിളര്‍ന്ന് ജോസഫ് ഗ്രൂപ്പ് രൂപം കൊണ്ടു. ഏറ്റവും കൂടുതല്‍ പിളര്‍ന്നതും
ലയിച്ചതും മാണിയും ജോസഫും തന്നെ. 93 ല്‍ മാണിയോട് പിരിഞ്ഞ് ടി.എം.ജേക്കബ് ജേക്കബ് പാര്‍ട്ടിയുണ്ടാക്കി. 2003 ല്‍ പി.സി തോമസ് പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. അതേ വര്‍ഷം ജോസഫ് ഗ്രൂപ്പുമായി തെറ്റി പിസി ജോര്‍ജ് സെക്കുലറിനും രൂപം നല്‍കി. ഏറ്റവും ഒടുവില്‍ സജിമഞ്ഞക്കടന്പനും സ്വന്തം പാര്‍ട്ടി ഉണ്ടാക്കി. അറുപതാം വയസിലേക്ക് എത്തി നില്‍ക്കുബോള്‍ മൊത്തം 14 പിളര്‍പ്പ്. എത്ര പിളര്‍ന്നാലും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാണ് കേരള കോണ്‍ഗ്രസുകാര്‍. മധ്യകേരളത്തിലടക്കമുള്ള സ്വാധീനം എന്നും മുന്നണി രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസുകള്‍ക്ക് കരുത്ത് നല്കുന്നുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*