ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അറുപതാം ചരമവാര്‍ഷികം ഇന്ന്

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍  നെഹ്‌റുവിന്റെ അറുപതാം ചരമവാര്‍ഷികദിനമാണ് ഇന്ന്. മതനിരപേക്ഷവും ജനാധിപത്യപരവുമായ ഇന്ത്യയുടെ പിറവിക്ക് നെഹ്‌റുവിന്റെ കാഴ്ചപ്പാടുകള്‍ നല്‍കിയ സ്വാധീനം വിലമതിക്കാനാകാത്തതാണ്. നീതിയും സമത്വവുമുള്ള സമൂഹത്തിനായുള്ള ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതീകമായി നിലകൊള്ളുകയാണ് ഇന്നും നെഹ്‌റു. ഒരു രാഷ്ട്രത്തിന്റെ ഭാവി സ്വപ്നങ്ങളുടെ മുഴുവന്‍ കാവല്‍ക്കാരനായിട്ടാണ് 1947 ഓഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ചുമതലയേറ്റത്. 

ഇന്ത്യന്‍ ദേശീയതയുടെ ആദ്യവര്‍ഷങ്ങളില്‍ ലോകം നെഹ്‌റുവിനൊപ്പമാണ് ഇന്ത്യയെ തിരിച്ചറിഞ്ഞത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതും വളര്‍ത്തിയതും നെഹ്‌റുവിന്റെ ദര്‍ശനങ്ങളും നയങ്ങളുമായിരുന്നു. വൈവിധ്യമാര്‍ന്ന മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു രാജ്യത്ത് വര്‍ഗീയതയുടെ വിഷം കലക്കുന്നതിലല്ല, മറിച്ച് ജനതയുടെ ഐക്യം സംരക്ഷിക്കുന്നതിലാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് വിശ്വസിച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു. വ്യാവസായികവല്‍ക്കരണത്തിലൂടെയും ശാസ്ത്രീയ പുരോഗതിയിലൂടെയും ഇന്ത്യയെ നവീകരിക്കാനാണ് നെഹ്‌റു ലക്ഷ്യമിട്ടത്. 

നിരവധി പൊതുമേഖലാ സംരംഭങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി ഗവേഷണ ലബോറട്ടറികളും സ്ഥാപിക്കപ്പെട്ടു. ശാസ്ത്രീയ അന്വേഷണത്തിന്റെയും നവീകരണത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലായിരുന്നു ശ്രദ്ധ. ചേരിചേരാ നയമായിരുന്നു നെഹ്‌റുവിന്റെ വിദേശനയത്തിന്റെ സവിശേഷത. 1964ല്‍ മരണം വരെ നീണ്ട നെഹ്രുവിന്റെ ഭരണകാലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ പരിവര്‍ത്തനത്തിന്റെ കാലഘട്ടമായിരുന്നു. രാഷ്ട്രതന്ത്രജ്ഞന്‍, പരിഷ്‌കര്‍ത്താവ്, ദീര്‍ഘദര്‍ശി എന്നീ നിലകളില്‍  നെഹ്‌റുവിന്റെ പാരമ്പര്യം ഇന്ത്യക്കാരുടെ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*