64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ

മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് 64 ആം പിറന്നാൾ. ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടായി സജീവമാണ് മോഹൻലാൽ. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും വളർന്ന് ഒരുപിടി നല്ല കഥാപാത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ച് കഴിഞ്ഞു. തന്റെ 360 ആം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അദ്ദേഹം പിറന്നാൾ ആഘോഷിക്കുന്നത്.  തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമം മലയാള സിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്കുള്ള യാത്രയായിരുന്നു.

സ്വഭാവികാഭിനയത്തിന്റെ തിളക്കം ഏറെയുള്ള കഥാപാത്രങ്ങൾ ചെയ്ത എൺപതുകൾ, ശ്രീനിവാസനും പ്രിയദർശനുമൊപ്പം സൃഷ്‌ടിച്ച ബ്ലോക്ക് ബസ്റ്ററുകൾ തിളക്കമേറ്റിയ തൊണ്ണൂറുകൾ. വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയ കഥാപാത്രങ്ങൾ തുടരെ തുടരെ വന്നു. തമാശയും ഗൗരവവും മുണ്ട് മടക്കിക്കുത്തലും ആക്ഷനും ഇതിനെല്ലാമുപരി മോഹൻ ലാലിന്റെ പഞ്ച് ഡയലോഗുകളുടെ അകമ്പടിയോടുള്ള കഥാപാത്രങ്ങൾ ചെയ്ത രണ്ടായിരങ്ങൾ. പിന്നീടുള്ള പരീക്ഷണ കാലം. നിശബ്‌ദാഭിനയം കൊണ്ട് പോലും ഹൃദയം കവർന്ന കഥാപാത്രങ്ങൾ.

ഒപ്പം ആരാധകരും പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്. മോഹൻലാലിൻറെ സ്വാഭാവിക നടന ശൈലിയിൽ അനശ്വരമായ പല കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ എക്കാലവും തങ്ങി നിൽക്കുന്നതാണ്. അദ്ദേഹം ഉപയോഗിച്ച പല ഡയലോഗുകളും ഇപ്പോൾ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

കലയോടുള്ള അടങ്ങാത്ത അഭിനിവേശം സിനിമയുടെ തിരക്കുകൾക്കിടയിലും നാടകത്തിലെത്താനും മോഹൻലാലിനെ പ്രേരിപ്പിച്ചു. ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു.

ഓരോ തവണ പരാജയ ചിത്രങ്ങളുണ്ടാകുമോഴും സ്വയം സ്ഫുടം ചെയ്തെടുത്ത് നവ ഭാവത്തിൽ നമ്മെ വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ. അമ്പതു വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വിരിഞ്ഞ മോഹൻലാലെന്ന വസന്തം പൊലിമയൊട്ടും കുറയാതെ ഇന്നും ജ്വലിച്ചു നിൽക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*