ഇന്ന് ലോക പ്രമേഹ ദിനം; അറിയാം, കൂടുതലായി

ഇന്ന് പ്രമേഹ ദിനം. പ്രമേഹ രോഗചികിത്സക്കുള്ള ഇന്‍സുലിന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് തുടക്കം കുറിച്ച ഫ്രെഡറിക് ബാന്റിംഗിന്റെ ജന്‍മദിനമാണു പ്രമേഹദിനമായി ആചരിക്കുന്നത്. “നാളെയെ സംരക്ഷിക്കാൻ വിദ്യാഭ്യാസം” എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇങ്ങനെ ഒരു അസുഖത്തിന് ഒരു ദിവസം കൊണ്ടാടുന്നതിന്റെ പ്രധാന ഉദ്ദേശം ഈ അസുഖത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ്. പ്രമേഹം പോലുള്ള ഒരു ജീവിതശൈലി രോഗത്തിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക വഴി മാത്രമേ അതിനു തടയിടാൻ കഴിയുകയുള്ളൂ. ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ ജീവിതശൈലികളിലെ നിയന്ത്രണം കൊണ്ട് കൈകാര്യം ചെയ്ത് മുന്നോട്ടുപോകാന്‍ മാത്രമേ പ്രമേഹത്തില്‍ സാധ്യതയുള്ളൂ. എന്നാല്‍, പൂര്‍ണമായൊരു മുക്തി പ്രതീക്ഷിക്കാനുമാകില്ല. പ്രമേഹം, രക്തത്തിലെ ഷുഗര്‍നില ഉയരുന്നു എന്നതില്‍ അധികം ഹൃദയം അടക്കം പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളൊരു പ്രശ്നം കൂടിയാണ്. 

സംസ്ഥാനത്ത് ടൈപ്പ് വൺ ഡയബറ്റിസ് എന്നറിയപ്പെടുന്ന ‘ജുവനൈൽ പ്രമേഹം’ ബാധിച്ച് നരകജീവിതം നയിക്കുന്നത് 3000-ത്തിലധികം കുരുന്നുകളാണ്. ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെക്കേണ്ട ഈ കുട്ടികൾക്ക് രോഗമുക്തി സ്വപ്നം മാത്രമാണ്. ഇവരിൽ അടിക്കടി ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതകൂടുതലാണ്. ‘പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ്’ തലത്തിലുള്ള വിദഗ്ധ ഡോക്ടർമാർ കുറവായതിനാൽ രോഗം നേരത്തേ കണ്ടെത്തുന്നതും വെല്ലുവിളിയാകുന്നു. മുതിർന്നവരിൽ കാണുന്ന ‘ടൈപ്പ് – 2’ പ്രമേഹത്തെക്കാൾ സങ്കീർണമാണ് കുട്ടികളിലേത്. ചികിത്സച്ചെലവ് സാധാരണക്കാരുടെ കുടുംബബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്.

ചില സ്ത്രീകളില്‍ ഗര്‍ഭ കാലത്ത് അപകടകരമായ രീതിയില്‍ ഉയര്‍ന്ന പ്രമേഹം അനുഭവപ്പെടാറുണ്ട്. ജെസ്റ്റെഷണല്‍ ഡയബറ്റിക് മെലിറ്റസ് എന്നറിയപ്പെടുന്ന ഈ അവസ്ഥ ഗര്‍ഭകാലത്തും അതിന് ശേഷവും പല പ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. സിസേറിയന്‍ സാധ്യത വര്‍ധിപ്പിയ്ക്കുന്ന ഒന്നാണിത്. അതുപോലെ തന്നെ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പുള്ള പ്രസവത്തിനും ചിലപ്പോള്‍ പ്രസവത്തിന് തൊട്ടു മുന്‍പ് കുട്ടിയുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലെയ്ക്കും നയിക്കാറുണ്ട്. ചില കേസുകളില്‍ കുഞ്ഞിന്‍റെ വളര്‍ച്ച വേഗത്തിലാകാനും ഭാരം അമിതമാകാനും കാരണമാകുന്നു. ഗര്‍ഭാവസ്ഥയില്‍ പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അനുഭവിച്ച അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ശ്വസന സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിന് സാധ്യത കൂടുതലാണ്. അതോടൊപ്പം രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് ക്രമാതീതമായി കുറയാനും അമിത വണ്ണമുണ്ടാകാനും കാരണമാകും. ചിലര്‍ക്ക് പില്‍ക്കാലത്ത് ടൈപ്പ്-2 പ്രമേഹം ബാധിയ്ക്കാനും സാധ്യത കൂടുതലാണ്.

പ്രമേഹമുള്ളവര്‍ ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കണം.  കഴിക്കുന്ന ആഹാരത്തിന്റെ തരവും രീതിയും ക്രമീകരിക്കുക എന്നത് എല്ലാവിധ പ്രമേഹ ചികിത്സയിലും അതിപ്രധാനമാണ്.  ഒരു ദിവസത്തെ ആവശ്യത്തിനുള്ള ഊര്‍ജത്തില്‍ 50-60 ശതമാനം അന്നജം ആഹാരത്തില്‍ നിന്നും 20 ശതമാനം പ്രോട്ടീനില്‍ നിന്നും 30 ശതമാനം കൊഴുപ്പുകളില്‍ നിന്നും ലഭിക്കത്തക്കവിധം വിഭജിക്കുക.  ഇറച്ചി, മധുരപലഹാരങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ കുറച്ച് നാടന്‍ പച്ചക്കറികള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. മൂന്നുനേരം ആഹാരം കഴിക്കുന്നതിനുപകരം അളവുകുറച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുകയാണെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി കൂടാതെയും കുറയാതെയും നിലനിര്‍ത്താന്‍ സാധിക്കും.

ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ്. കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. കിഡ്നി തകരാർ ഉണ്ടാകുന്നു. പുരുഷന്മാരിൽ ലിംഗത്തിന് ഉദ്ധാരണക്കുറവും ചിലപ്പോൾ അഗ്രചർമത്തിൽ അണുബാധയും സ്ത്രീകളിൽ യോനിവരൾച്ചയും അതുമൂലം ബന്ധപ്പെടുമ്പോൾ വേദനയും രതിമൂർച്ഛക്കുറവും ബുദ്ധിമുട്ടും ഉണ്ടാകുന്നു. ഉണങ്ങാതെ പഴുക്കുന്ന മുറിവുകൾ സ്പർശന ശേഷി നഷ്ട്ടമാകുന്നു. കായികശേഷി നഷ്ട്ടപ്പെടുന്നു. അമിതമായ ക്ഷീണം അനുഭവപ്പെടുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നു തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.  

പാദങ്ങളില്‍, കാലുകളില്‍ പലപ്പോഴും പല കാരണങ്ങളാലും തരിപ്പ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത് നിത്യമായി ഉണ്ടെങ്കില്‍, മറ്റു കാരണങ്ങളില്ലാതെയാണെങ്കില്‍,  പ്രമേഹത്തിന്റെ സൂചന നല്‍കുന്ന ഒന്നു കൂടിയാണ്. കാലില്‍ ഇടയ്ക്കിടെ സൂചി കുത്തുന്നതു പോലുള്ള തോന്നലുണ്ടെങ്കില്‍ ഇതിനൊരു കാരണം പ്രമേഹം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നതാണ്. കാലിലേയ്ക്കുള്ള രക്തപ്രവാഹത്തെ ഈ രോഗം ബാധിയ്ക്കുന്നതാണ് കാരണം. ഇതുപോലെ കാലില്‍ മുറിവുണ്ടായാല്‍ ഇത് ഉണങ്ങാതിരിയ്ക്കുന്നത് പ്രമേഹത്തിന്റെ ഒരു സൂചന തന്നെയാണ്. പ്രമേഹം കൂടുമ്പോള്‍ കാല്‍വിരല്‍, പാദം മുറിച്ചു മാറ്റേണ്ടി വരുന്ന അവസ്ഥ പോലും പലര്‍ക്കുമുണ്ടാകാറുണ്ട്.

പ്രമേഹമുള്ളവര്‍ പ്രധാനമായും ഡയറ്റിലാണ് നിയന്ത്രണങ്ങള്‍ വരുത്തുന്നത്. ഇതിനൊപ്പം തന്നെ വര്‍ക്കൗട്ട് കൊണ്ടുപോകുന്നതും നല്ലതാണ്. എന്നാല്‍ പ്രമേഹമുള്ളവര്‍ ശരീരകാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര, മറിച്ച് മനസിന്റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. 

പ്രത്യേകിച്ച് ഇന്ന് വിഷാദരോഗവും ഉത്കണ്ഠയുമെല്ലാം നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ പ്രമേഹരോഗികളിലുണ്ടായാല്‍ അത് പ്രമേഹം അധികരിക്കാന്‍ ഇടയാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് പ്രമേഹത്തിന്റെ പ്രശ്നങ്ങളെ നിയന്ത്രണാതീതമായി കൂട്ടാനിടയാക്കുന്നു. ഉത്കണ്ഠയോ മാനസിക സമ്മര്‍ദ്ദമോ അധികരിക്കുമ്പോഴുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും പ്രമേഹം കൂടാന്‍ കാരണമായേക്കാം. 

DR. NISHANTH NARAYAN

Sr.Physician, Arya Vaidya sala

Kottakkal

Be the first to comment

Leave a Reply

Your email address will not be published.


*