ഇന്ന് ലോക പ്രമേഹദിനം; ഈ ജീവിതശൈലി രോഗത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് നവംബര്‍ 14- ലോക പ്രമേഹദിനം. ഇന്‍സുലിന്‍ കണ്ടുപിടിച്ച ഡോക്ടര്‍ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. 

 

ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യായാമമില്ലായ്മ, അമിതവണ്ണം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിയൊരുക്കും. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും. ശരീരത്തില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതാകുന്നതും അളവ് കുറയുന്നതുമൊക്കെയാണ് ടൈപ്പ്-2 പ്രമേഹത്തിന് കാരണം. അതേസമയം, പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതെ പോകുന്നതും തുടര്‍ന്ന് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് കൂടുന്നതുമാണ് ടൈപ്പ്-1 പ്രമേഹത്തിനു കാരണം.  ഗർഭകാല പ്രമേഹം പ്രസവാനന്തരം ഇല്ലാതാകാൻ സാധ്യതയുള്ളതാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ടൈപ്പ് 2 പ്രമേഹമാണ്. പലര്‍ക്കും യാതൊരു ലക്ഷണങ്ങളും ഇല്ലാതെയാണ് പ്രമേഹം ഉണ്ടാകുന്നത്. 

അകാരണമായ ക്ഷീണം, ശരീരഭാരം കുറയല്‍, അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും, ചര്‍മ്മത്തില്‍ ഇരുണ്ട പാടുകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവയാണ് ടൈപ്പ് 1-ന്‍റെ സാധാരാണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. 

 

പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

  • കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.
  • പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. 
  • കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  
  • പ്രമേഹരോഗികള്‍ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും ശ്രദ്ധിക്കണം. അതുപോലെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.
  • വെള്ളം ധാരാളം കുടിക്കണം. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
  • ശരീരഭാരം ഉയരാതെ നോക്കുക എന്നതും പ്രധാനമാണ്. കാരണം അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. 
  • വ്യായാമം പ്രധാനമാണ്. പതിവായി ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് പ്രമേഹത്തെ തടയാൻ സഹായിക്കും. അതിനാല്‍ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. 
  • പുകവലി ഒഴിവാക്കുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക. ഇവയൊക്കെ പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*