ഇന്ന് ലോക സ്ട്രോക്ക് ദിനം; അറിയാം സ്‌ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ

  • Yenz Times Desk

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യവും അത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതും ഈ ലോക സ്ട്രോക്ക് ദിനത്തിൽ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. സ്ട്രോക്ക് ചികിത്സിച്ചില്ലെങ്കിൽ, ചികിത്സയിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അത് അത്യന്തം മാരകമായ അവസ്ഥയായി മാറുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കും.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ:

മുഖത്തോ, കൈയിലോ കാലിലോ, പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കില്‍ ബലഹീനത, ആശയക്കുഴപ്പം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ സംസാരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍. ഒരു കണ്ണിനോ അല്ലെങ്കില്‍ രണ്ട് കണ്ണിനും കാഴ്ചയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്. പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുക, അടിസ്ഥാന പേശികളുടെ ചലനം ഇല്ലാതാവുക (മൂത്രസഞ്ചി ഉള്‍പ്പെടെ) ചെറിയ ഓര്‍മ്മക്കുറവ്, മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ പെട്ടെന്നുള്ള മാറ്റങ്ങള്‍, സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുകള്‍ ഇല്ലാതാവുക എന്നിവയെല്ലാം സ്‌ട്രോക്കിന്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങളാണ്.

തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നത് കാരണമാണ് 85% പേരിലും സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. ബാക്കി 15 ശതമാനം പേരിൽ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി ഉണ്ടാകുന്ന ആന്തരിക രക്തസ്രാവമാണ് സ്ട്രോക്കിന് കാരണമാകുന്നത്. പണ്ടൊക്കെ പ്രായമായവരിൽ കണ്ടുവന്നിരുന്ന സ്ട്രോക്ക്, ഇന്ന് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ചെറുപ്പക്കാരെ പോലും ബാധിക്കുന്നു. 

കോവിഡ് വന്നുപോയവരുടെ ശരീരത്തിൽ പലഭാഗത്തും രക്തം കട്ടപിടിക്കുന്ന സാഹചര്യം ഇപ്പോൾ കൂടുതലായി കാണുന്നുണ്ട്.  പ്രായം കുറഞ്ഞവരിൽ ഇപ്പോൾ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് കോവിഡ് ആണ്.

ലക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ എത്ര വേഗം ആശുപത്രിയിൽ എത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗിയുടെ അതിജീവന സാധ്യത നിലനിൽക്കുന്നത്. അതും സ്ട്രോക്കിന് ചികിത്സ ലഭ്യമായ, സി ടി സ്കാൻ മുതലായ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിൽ തന്നെ രോഗിയെ എത്തിക്കണം.

സ്ട്രോക്ക് ലക്ഷണങ്ങൾ കാണിക്കുന്ന രോഗിയെ നാലരമണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കാനായാൽ, ഒരു ഇൻജെക്ഷൻ നൽകി രോഗിയെ രക്ഷിക്കാം. ഐ വി ത്രോംബോളിസിസ് (IV Thrombolysis) എന്നറിയപ്പെടുന്ന ഈ ചികിത്സാ രീതിയിൽ ഞരമ്പിലെ രക്തക്കട്ട അലിയിച്ചു കളയുകയാണ് ചെയ്യുന്നത്.

നാലരമണിക്കൂർ കഴിഞ്ഞാണ് രോഗി ആശുപത്രിയിൽ എത്തുന്നതെങ്കിൽ ഞരമ്പിലൂടെ വളരെ നേർത്ത വയറുകളും,ട്യൂബുകളും അഥവ കത്തീറ്റർ കടത്തിവിട്ട്, രക്തക്കട്ടയെ ആ ഭാഗത്ത് നിന്ന് വലിച്ച് പുറത്തേക്കെടുക്കുന്ന ചികിത്സയാണ് നൽകാറുള്ളത്. ഇതിനെ മെക്കാനിക്കൽ ത്രോംബെക്ടമി (Mechanical Thrombectomy) എന്നാണ് വിളിക്കുന്നത്. തലച്ചോറിൽ സ്ട്രോക്ക് മൂലം കാര്യമായ തകരാറുകൾ ഉണ്ടായിട്ടില്ലെന്ന് സ്കാനിൽ തെളിഞ്ഞാൽ, 24 മണിക്കൂർ വരെ കഴിഞ്ഞെത്തുന്ന രോഗികൾക്കും ഈ ചികിത്സ നൽകാറുണ്ട്.

വൈകി വരുന്ന രോഗികൾക്ക് ആദ്യം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളാണ് നൽകുന്നത്. കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നുകളും നല്കും. തുടർ പരിശോധനകളിൽ ചില രോഗികളിൽ രക്തകുഴലിൽ  50 ശതമാനത്തിലധികം ബ്ലോക്ക് കാണപ്പെടുകയാണെങ്കിൽ സ്റ്റെന്റ് ഇടുകയോ അല്ലെങ്കിൽ സർജറി (Endarterectomy)യോ ആണ് ചെയ്യുന്നത്. ഭാവിയിൽ വീണ്ടും സ്ട്രോക്ക് വരുന്നത്തടയാൻ ഇത്തരം ചികിത്സ രീതികൾ സഹായിക്കും.

സ്ട്രോക്ക് വന്നവരിൽ 40 മുതൽ 60 ശതമാനം പേരിലും എന്തെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യങ്ങളോ ശക്തിക്കുറവോ കാണാറുണ്ട്. ഇവർക്ക് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി (Occupational Therapy), എന്നിവ ആവശ്യമാണ്. പലപ്പോഴും ഇതെല്ലാം കൂടിച്ചേർന്ന ഒരു സമഗ്ര ചികിത്സയാണ് വേണ്ടത്.

 

സ്ട്രോക്കിനെ തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

● അമിതമായ ഉപ്പിന്റെ ഉപയോഗം ഒഴിവാക്കുക

● അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക

● മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുക

● അന്നജം കുറവുള്ള ഭക്ഷണം കഴിക്കുക

● മുടങ്ങാതെ വ്യയാമം ചെയ്യുക

2 Comments

Leave a Reply

Your email address will not be published.


*