ഇന്ന് ലോക ജലദിനം; ഓരോ തുള്ളിയും സംരക്ഷിക്കുക

ഒരോ തുളളിയും സൂക്ഷിച്ച് വച്ച് നാളേയ്ക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ, 1993 ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്. 2050 ഓടുകൂടി ലോക ജനതയില്‍ പകുതിയ്ക്കും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നത്. രാജ്യത്ത് വേനല്‍ച്ചൂട് കൂടുന്നതിനനുസരിച്ച് കുടിവെള്ള ക്ഷാമവും കൂടി വരികയാണ്. കുടിക്കാന്‍ മാത്രമല്ല, മറ്റ് അടിസ്ഥാന കാര്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാക്കനിയായിക്കൊണ്ടിരിക്കുകയുമാണ്. ഇന്ത്യയില്‍ ബെംഗളൂരുവിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്നത്.

പ്രകൃതിയെ നയിക്കുന്നത് ജലമാണെന്ന് പ്രശസ്ത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ലോകത്ത് വിവിധ സംസ്കാരങ്ങൾ ഉരുവപ്പെട്ടതും പിന്നീടത് പടർന്ന് പന്തലിച്ചതും ജലാശയങ്ങളെ കേന്ദ്രീകരിച്ചാണെന്നത് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. എന്തിനധികം ജീവനുണ്ടായത് തന്നെ ജലത്തിലാണ്.
ജലം ജീവൻെറ അടിത്തറയാണ്. വരും തലമുറക്ക് വേണ്ടി ജലാശയങ്ങൾ സംരക്ഷിക്കാൻ ഒരുമിച്ച് കൈ കോർക്കണമെന്ന സന്ദേശമാണ് ഓരോ ജലദിനവും മുന്നോട്ട് വെക്കുന്നത്.

വറ്റിവരണ്ട സ്രോതസുകളുടെയും കൂടിവരുന്ന വന നശീകരണത്തിൻ്റെയും നടുവില്‍ നിന്നാണ് ലോകം ഇന്ന് ജലദിനം ആഘോഷിക്കുന്നത്. നാളെ ഒരു യുദ്ധം ഉണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയാകും. ഓരോ തുള്ളി ജലവും അമുല്യമായി കണ്ട് ഓരോ ജലസ്രോതസ്സും വരും തലമുറയ്ക്ക് വേണ്ടി കാത്ത് സംരക്ഷിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*