നാടിനെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്തം നടന്ന് ഇന്നേക്ക് ഇന്ന് 35 വര്‍ഷം. 1988 ജൂലൈ എട്ടിനായിരുന്നു 105 പേരുടെ ജീവനെടുത്ത ആ മഹാദുരന്തം. കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞാണ് കേരളം കണ്ട വലിയ അപകടം സംഭവിച്ചത്.
ബംഗളുരുവില്‍ നിന്ന് പതിവുപോലെ കന്യാകുമാരി ലക്ഷ്യമാക്കിയുള്ള യാത്രയില്‍ ഐലന്‍ഡ് എക്‌സ്പ്രസ്സ് കൊല്ലത്തെ പെരിനാടിനടുത്ത് എത്തുന്നു. ഉച്ചക്ക് 12 .56. മണിക്കൂറില്‍ 81 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞു വന്ന ട്രെയിന്‍ പെരുമണ്‍ പാലത്തില്‍ കയറി. എഞ്ചിന്‍ പെരുമണ്‍ പാലം കടക്കുന്നു, നിമിഷങ്ങള്‍ക്കകം പാളം തെറ്റിയ ബോഗികള്‍ കാണാക്കയങ്ങളില്‍ വീണു. 105 ജീവനുകളാണ് മുങ്ങിപ്പോയ ബോഗികളില്‍ കുടുങ്ങി നഷ്ടമായത്. ഇരുനൂറോളം പേര്‍ക്ക് മാരകമായി പരുക്കേറ്റു. നാട്ടുകാരും ഫയര്‍ഫോഴ്‌സും, പോലീസും ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാ പ്രവര്‍ത്തന ദൗത്യമാണ് മരണ സംഖ്യ കൂടാതെ കാത്തത്.
എന്നാല്‍ ആ ദുരന്തത്തോടൊപ്പം മനുഷ്യത്വം മരവിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി കേരളം കേട്ടിരുന്നു. രാത്രിയുടെ മറവില്‍ ഒരോ മൃതദേഹത്തില്‍ നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. ജീവനു വേണ്ടി യാചിച്ചവരുടെ ഇടയിലൂടെ നന്മയുടെ നീരുറവ വറ്റിയ ഒരു കൂട്ടര്‍ കൊള്ള നടത്തി. ഇത് കൂടാതെ അപകടം കാണാന്‍ കൊല്ലത്തേക്കെത്തിയ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെള്ളത്തിനടിയില്‍ കുടുങ്ങിക്കിടന്ന മുഴുവന്‍ മൃതശരീരങ്ങളും കണ്ടെത്തുവാനായില്ല.
ദുരന്തദിനത്തില്‍ കോരിച്ചൊരിയുന്ന മഴയില്‍ പതിവിലും നേരത്തെയാണ് ഐലന്റ് എക്‌സ്പ്രസ് എത്തിയിരുന്നത്. സംഭവ ദിവസം രാവിലെ തന്നെ പെരുമണ്‍ പാലത്തിന് സമീപം വളവുകളില്‍ ട്രെയിന്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാളം തെറ്റാതിരിക്കാനായുള്ള പണികള്‍ നടന്നിരുന്നു. ജാക്കി വെച്ച് പാളം ഉയര്‍ത്തിയ ശേഷം മെറ്റല്‍ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്. ഈ സമയം ട്രെയിനുകള്‍ വന്നാല്‍ ജീവനക്കാരന്‍ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിനിന്റെ വേഗത പത്ത് കിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ അപകടസമയം ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അടുത്ത കടയില്‍ പോയിരുന്നതായാണ് അറിയുന്നത്. ഐലന്റ് എക്‌സ്പ്രസ് 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങള്‍ അന്നത്തെ തടി സ്ലീപ്പറില്‍ ഉണ്ടായിരുന്നു. അപകടത്തിന് ശേഷം പെരുമണില്‍ പുതിയ പാലം നിര്‍മ്മിക്കപ്പെട്ടു. ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മരിച്ച മുതിര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷവും കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കി.
Perumun അപകടം 1987 ആണ് എന്നാണ് ഓർമ