മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുളള ഇടപാടില്‍ ഇരുകമ്പനികള്‍ക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നും, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സിഎംആര്‍എല്ലിന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല.രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഇടപാടാണ് സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നല്‍കി എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് നവീൻ ചൗള അധ്യക്ഷനായ ‍ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. ഹര്‍ജിയില്‍ ആദായനികുതി വകുപ്പിന് അടക്കം മറുപടി സമർപ്പിക്കാൻ കോടതി നേരത്തെ സമയം അനുവദിച്ചിരുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ പറയുന്നത്. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി പരിഗണിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*