യുവതലമുറയുടെ ചെവി തിന്നുന്ന ഇയര്‍ഫോണുകൾ ; കേൾവി ശക്തി പോകാതിരിക്കാൻ ശബ്‌ദം എത്ര വരെ ആകാം

മൊബൈലും ഇയർഫോണും ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ഇന്നത്തെ യുവതലമുറയ്ക്ക് ചിന്തിക്കാനാവില്ല. എന്നാൽ ഏതുസമയവും ചെവിയിൽ തിരികി വെക്കുന്ന ഈ ഇയർഫോണുകൾ നിങ്ങളുടെ കേൾവി ശക്തിയെ തിന്നുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

ആ​ഗോളതലത്തിൽ ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണ്. 16 മുതൽ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളിൽ ഏതെങ്കിലും തരത്തിലുള്ള കേൾവി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പരിധിയില്ലാത്ത ഇയര്‍ഫോണ്‍ ഉപയോഗം

യാത്രയ്ക്കിടയിലും ഓടുന്നതിനിടെയും എന്തിന് ടോയ്‌ലെറ്റ് കയറുമ്പോള്‍ പോലും മൊബൈലിനൊപ്പം ഇയര്‍ഫോണ്‍ വേണം. ദീർഘനേരം ഉയർന്ന ശബ്​ദത്തിൽ പതിവായി ഇയർഫോൺ ഉപയോ​ഗിക്കുന്നത് നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസ് (എന്‍ഐഎച്ച്എല്‍) എന്ന അവസ്ഥയിലേക്ക് നയിക്കാം. ചെറുപ്പക്കാർക്കിടയിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. 

അമിതമായ ശബ്ദ തരംഗത്തെ തുടര്‍ന്ന് ചെവിയിലെ കോക്ലിയയ്ക്കുള്ളിൽ രോമകോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് എന്‍ഐഎച്ച്എല്‍. ഇത് കേൾവി ശക്തി പൂർണമായും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നയിക്കാം. കൂടാതെ അമിതമായി ശബ്ദം കേൾക്കുന്നത് ചെവിക്കുള്ളിൽ വാക്സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം.

 അനുയോജ്യമല്ലാത്ത ഇയർഫോണുകൾ ഉപയോ​ഗിക്കുന്നത് ചെവിക്കുള്ളിൽ വേദന, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടിന്നിടസ് ( ചെവിയില്‍ സ്ഥിരമായ മുഴക്കം അല്ലെങ്കില്‍ ഇരമ്പല്‍ എന്ന തോന്നല്‍), ഹൈപ്പര്‍അക്യൂസിസ് (ദൈനംദിനം ശബ്ദങ്ങളോട് വര്‍ധിച്ചു വരുന്ന സംവേദനക്ഷമത) എന്നിവയിലേക്കും നയിക്കാം. കൂടാതെ മോശം ഇയര്‍ഫോണ്‍ ശുചിത്വം ചെവിക്കുള്ളില്‍ ഓട്ടോമൈക്കോസിസ് പോലുള്ള ഫംഗല്‍ ബാധയ്ക്കും കാരണമായേക്കാം.

ശബ്‌ദം എത്ര വരെ ആകാം..

കേള്‍വിക്കുറവ് പരിഹരിക്കുന്നതിന് കൃത്യമായ പരിപാലനവും മുന്‍കരുതലും ആവശ്യമാണ്. അതിനായി ലോകാരോഗ്യ സംഘടന മുന്നോട്ട് വെയ്ക്കുന്ന 60/60 നിയമം പാലിക്കാം. 60 മിനിറ്റ് ദൈര്‍ഘ്യത്തില്‍ പരമാവധി ശബ്ദത്തിന്റെ അളവു 60 ശതമാനമാക്കുക.

 ഓരോ 60 മിനിറ്റിന് ശേഷവും ഇടവേളയെടുക്കുക. സുഖപ്രദമായ ഇയര്‍ഫോണുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഇയര്‍ഫോണ്‍ പതിവായി വൃത്തിയാക്കുക. ഇയര്‍ഫോണ്‍ മറ്റാര്‍ക്കും പങ്കിടാതിരിക്കുക. ഇയർഫോണ്‍ സ്ഥിരമായി 85 ഡെസിബലിന് മുകളില്‍ ശബ്ദത്തിൽ ഉപയോ​ഗിക്കുന്നത് നിങ്ങളുടെ കേള്‍വിയെ പൂര്‍ണമായും ഇല്ലാതാക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*