പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ല

പാലക്കാട് പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് കരാർ കമ്പനി താൽക്കാലികമായി പിൻവാങ്ങി. എഡിഎം , തഹസിൽദാർ എന്നിവരുടെ സ്ഥാനത്ത് പി പി സുമോദ് എംഎൽഎ കരാർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഈ മാസം 7 ന് കെ രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കാനാണ് ധാരണയായത്

കഴിഞ്ഞമാസം നടത്തിയ ചർച്ചയിൽ ഏഴര കിലോമീറ്റർ വരെയുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് പന്നിയങ്കരയിലെ കരാർ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ദേശീയപാത നിർമ്മാണത്തിനായി സ്ഥലംവിട്ടു നൽകിയ പ്രദേശവാസികളായ പത്ത് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ടോൾ പ്ലാസയിലൂടെ സൗജന്യ യാത്ര വേണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പ്രവർത്തകരും ജനപ്രതിനിധികളും പിന്നോട്ട് പോയില്ല. ഇതോടെയാണ് ഇന്ന് മുതൽ ആർക്കും സൗജന്യ യാത്രയില്ലെന്ന ഒരു നിലപാടിലേക്ക് കരാർ കമ്പനി പോയത്. രാവിലെ ആറുമണിയോടെ തുടങ്ങിയ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമായതോടെ ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെടുകയായിരുന്നു. ഉടൻതന്നെ ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കാം എന്നും അതുവരെ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ലെന്നും ജില്ലാ ഭരണകൂടം ഉറപ്പ് നൽകുകയായിരുന്നു.

അതേസമയം, എംഎൽഎയും ഉദ്യോഗസ്ഥരും അടച്ചിട്ട മുറിയിൽ കരാർ കമ്പനി അധികൃതമായി ചർച്ച നടത്തിയത് ശരിയായില്ലെന്നാരോപിച്ച് ഒരു വിഭാഗം സമരസമിതി പ്രവർത്തകർ രംഗത്തെത്തി. അതിനിടെ തിരുവല്ലം ടോൾ പ്ലാസയിൽ വർധിപ്പിച്ച ടോൾ നിരക്കുകൾ ഇന്നുമുതൽ നിലവിൽ വന്നു. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഓരോ യാത്രയ്ക്കും അഞ്ചുരൂപയും ലൈറ്റ് കൊമേഴ്സ്ഷ്യൽ വാഹനങ്ങൾക്ക് 15 രൂപയുമാണ് വർധിപ്പിച്ചത്.പുതിയ നിരക്കുകൾ യഥാക്രമം 160 രൂപയും,240 രൂപയുമായി മാറി. പ്രതിമാസ കാർ പാർക്കിങ്ങിന് 5,375 രൂപയാണ് നിലവിലെ ടോൾ നിരക്ക്. ടോൾ പിരിവ് ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ചാമത്തെ വർധനവാണ് തിരുവല്ലം ടോൾ പ്ലാസയിൽ ഉണ്ടായിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*