നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം; സമാധി അറ ഇന്ന് പൊളിക്കും

നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമി എന്നറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതിനിടെ സമാധി അറ പൊളിക്കാൻ തീരുമാനം. സമാധി അറ പൊളിക്കാൻ കളക്ടർ അനുമതി നൽകി. ആർഡിഒയുടെ സാനിധ്യത്തിൽ അറ പൊളിക്കും. പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്താനും പോലീസ് നീക്കം.

ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മരണസമയത്ത് മകൻ രാജസേനൻ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയിൽ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാൾ മൊഴി നൽകി. ‘ഗോപൻ സ്വാമി സമാധിയായി’ എന്ന പോസ്റ്റർ മക്കൾ വീടിനു സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാർ അറിഞ്ഞത്.

ഗോപൻ വീട്ടുവളപ്പിൽ ശിവക്ഷേത്രം നിർമിച്ചു പൂജകൾ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇതിന് അടുത്ത് തന്ന സമാധി അറ നിർമിച്ചതും ഗോപൻ തന്നെയാണെന്നാണ് ഭാര്യയും മക്കളും പറയുന്നത്. മരണശേഷം ദൈവത്തിന്റെ അടുക്കൽ പോകണമെങ്കിൽ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപൻ നിർദേശം നൽകിയിരുന്നതായാണ് മക്കളുടെ മൊഴി.

അതേസമയം, വ്യാഴാഴ്ച 10.30ന് ഗോപൻ സ്വാമിയെ കാണുമ്പോൾ അദ്ദേഹം ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നു എന്ന് വീട്ടിലെത്തിയ അടുത്ത ബന്ധു മൊഴി നൽകിയിട്ടുണ്ട്. നിലവിൽ മാൻ മിസ്സിങ്ങിന് കേസെടുത്താണ് പോലീസ് അന്വേഷണം.അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം കലക്ടർക്ക് സമർപ്പിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*