
‘പുലിമുരുകൻ’ സിനിമയുടെ നിർമാതാവ് ഇനിയും ലോൺ അടച്ചു തീർത്തിട്ടില്ല എന്ന മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രം ഫൈനാൻസ് ചെയ്തവരിൽ താനുമുണ്ടെന്നും തച്ചങ്കരി പറഞ്ഞു. മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രം എന്ന പേരിൽ പ്രശസ്തമായ ചിത്രമാണ് മോഹൻലാൽ നായകനായ ‘പുലിമുരുകൻ’.ടോമിന്‍ തച്ചങ്കരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്തെത്തി.
ഒരു നിര്‍മാതാവ് എന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആ ചിത്രത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച് ചിലര്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കുറിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് പുലിമുരുകന് വേണ്ടി രണ്ട് കോടി രൂപ വായ്പ എടുത്തത്.
2016 ഡിസംബറില്‍ അത് പൂര്‍ണമായും അടച്ചുതീര്‍ത്തു. മൂന്ന് കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിനുവേണ്ടി ഞാന്‍ നികുതിയായി അടച്ചത്. അത്രയധികം തുക നികുതി അടയ്ക്കണമെങ്കില്‍തന്നെ ചിത്രം എത്രത്തോളം ലാഭം നേടിത്തന്നിരിക്കാമെന്ന് മനസിലാക്കാന്‍ സാധിക്കുമല്ലോ.-ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ടോമിച്ചന്‍ പറയുന്നു.സിനിമയെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവവിരുദ്ധമായ പ്രചരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹൻലാൽ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിർമിക്കാൻ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൻറെ ഒരു ഭാഗമായി മാറാൻ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യകതിയാണ് ഞാൻ.
എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലർ രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ. കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ..
അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാൻ എനിക്ക് സാധിച്ചതിലും പുലി മുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകൻ.
അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു..മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങൾക്ക് മുന്നിലെത്തും
Be the first to comment