കേരളത്തിൽ ഒരു വർഷം എത്തുന്നത് 30000 കനേഡിയന്‍ സഞ്ചാരികള്‍; ടൂറിസം മേഖല ആശങ്കയില്‍

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ ആശങ്കയിലാണ് കേരളത്തിലെ ടൂറിസം മേഖല. സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. ടൂറിസംവകുപ്പിന്റെ കണക്കനുസരിച്ച് വര്‍ഷം ഏതാണ്ട് 30,000 സഞ്ചാരികളാണ് കാനഡയില്‍നിന്ന് എത്തുന്നത്.

ഇവിടെ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് കേരളത്തില്‍ താങ്ങുന്നത്. ഒരാള്‍ ശരാശരി നാലുലക്ഷത്തോളം രൂപയാണ് താമസത്തിനും യാത്രയ്ക്കും വാങ്ങലുകള്‍ക്കും മറ്റുമായി ചെലവഴിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതിൽ 98 ശതമാനത്തോളം പേരും വിമാനമാര്‍ഗമാണ് എത്തുന്നത്. ആഡംബരക്കപ്പലില്‍ എത്തുന്നവര്‍ എണ്ണത്തിൽ വളരെ ചുരുക്കമാണ്. എന്നാല്‍, കാനഡയില്‍നിന്ന് ആഡംബരക്കപ്പലുകളില്‍ 300-ഓളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ഒരു ദിവസം രണ്ടുലക്ഷം രൂപയോളമാണ് ആഡംബരക്കപ്പലുകളില്‍ എത്തുന്ന സഞ്ചാരികള്‍ സംസ്ഥാനത്ത് ചെലവഴിക്കുന്നത്.

ഒക്ടോബറില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കാനിരിക്കെ കാനഡയില്‍ നിന്നുള്ളവരുടെ വിസാനടപടികളടക്കം നിര്‍ത്തിവെച്ച സാഹചര്യത്തിൽ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ആഘാതമായിരിക്കും ഉണ്ടാവുക.

 

Be the first to comment

Leave a Reply

Your email address will not be published.


*