
അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്‌നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തില്‍ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏര്‍പ്പെടുത്തിയ 2021സെപ്റ്റംബര്‍ 15മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്.
പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തി മലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെയാണ് സഞ്ചാരികളുടെ വരവ് കൂടിയയത്. പ്രവേശനകവാടം മുതല്‍ നിരീക്ഷണ ഗോപുരം വരെ റോഡ്, മനോഹരമായ പ്രവേശനകവാടം, പ്രവേശനകവാട പരിസരം കട്ടവിരിച്ച് മനോഹരമാക്കല്‍, നിരീക്ഷണഗോപുരം മോടികൂട്ടല്‍, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, വഴിയരികില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, ശൗചാലയങ്ങള്‍, ലഘു ഭക്ഷണശാല, കുടിവെള്ളം, ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം, തടയണകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ഒരുക്കിയിട്ടുള്ളത്.
പ്രവേശന ടിക്കറ്റിന് പ്രായപൂര്‍ത്തിയായവര്‍ക്ക് 40 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്.വരുമാനം ഒരുകോടി കവിഞ്ഞതിന്റെ ഭാഗമായി കൊടികുത്തിമല വനസംരക്ഷണസമിതി ഒരു വര്‍ഷത്തെ പ്രകൃതിസംരക്ഷണ സന്ദേശ പരിപാടികള്‍ക്ക് രൂപംനല്‍കി. പരിപാടികള്‍ കൊടികുത്തിമലയില്‍ നജീബ് കാന്തപുരം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ അധ്യക്ഷത വഹിച്ചു.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ. ജി. ധനിക് ലാല്‍, വനസംരക്ഷണ സമിതിയംഗങ്ങളായ കളപ്പാടന്‍ ഹുസൈന്‍, ഇ.കെ. ഹാരീസ്, പി.കെ. നൗഷാദ്, ഒ.കെ. അലി, കെ.ടി. ബഷീര്‍, താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.കെ. നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Be the first to comment