
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റിലാണ് സജ്ജമാകുക. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കണ്ടെത്തിയ എസ്റ്റേറ്റുകളില്‍ എല്‍സ്റ്റോണില്‍ മാത്രം നിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുള്ളത്. എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
നിര്‍മ്മാണ മേല്‍നോട്ടത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 16 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. 58 ഹെക്ടറിലാണ് ആദ്യ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. ഇതിന്റെ തറക്കല്ലിടല്‍ മാര്‍ച്ചില്‍ നടക്കും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട 813 കുടുംബങ്ങളെയാണ് സര്‍ക്കാര്‍ വാടക നല്‍കി താമസിപ്പിച്ചിട്ടുള്ളത്. ഇതില്‍ 242 പേരുടെ ഗുണഭോക്തൃ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയത്.
ദുരന്തമേഖലയിൽ ഒറ്റപ്പെട്ട് കഴിയുന്നവരേയും സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിച്ച് ടൗൺഷിപ്പിൽ നിന്ന് പുറത്തുപോകുന്നവരെയും പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുക. ഈ പട്ടിക ഉടൻ പുറത്തിറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എൽസ്റ്റോണിന് പുറമെ, നെടുമ്പാല എസ്റ്റേറ്റ് കൂടി ഏറ്റെടുത്ത് രണ്ടു ടൗൺഷിപ്പ് നിർമ്മിക്കാനായിരുന്നു ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്.
ടൗൺഷിപ്പിന് പുറത്ത് താമസിക്കാനും, സർക്കാർ നൽകുന്ന നഷ്ടപരിഹാരം സ്വീകരിക്കാനും ഒട്ടേറെ പേർ താൽപ്പര്യം പ്രകടിപ്പിച്ച സാഹചര്യവും കൂടി കണക്കിലെടുത്താണ് തൽക്കാലം ഒരു ടൗൺഷിപ്പ് മതിയാകുമെന്ന് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഗുണഭോക്താക്കളുടെ എണ്ണവും പശ്ചാത്തല സൗകര്യവും കണക്കിലെടുത്താണ് നെടുമ്പാല എസ്റ്റേറ്റ് തൽക്കാലത്തേക്ക് ഒഴിവാക്കുന്നത്. നിർമാണ പ്രവർത്തികൾ പെട്ടന്ന് ആരംഭിച്ച് വായ്പാ വിനിയോഗത്തിൽ കേന്ദ്രത്തോട് സാവകാശം തേടാനാണ് സർക്കാർ തലത്തിലെ ധാരണ. യൂണിറ്റിന് 25 ലക്ഷം എന്ന നിർമാണ ചിലവ് കുറയ്ക്കണമെന്ന്, ടൗൺഷിപ്പ് നിർമ്മാണ കരാറിലേർപ്പെട്ട ഊരാളുങ്കൽ ലേബർ സൊസൈറ്റിയോട് ആവശ്യപ്പെടാനും സർക്കാർ ആലോചിക്കുന്നു.
Be the first to comment