ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ; വിവാദത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല

തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. കെ കെ രമ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.

ഈ വിഷയത്തില്‍ ഡിസ്‌കഷന്‍ അനുവദിക്കാനാകില്ലെന്നും, രമയ്ക്ക് ഉപക്ഷേപമായി ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ഇത്തരത്തിലൊരു സംഭവമില്ലെന്ന് സ്പീക്കര്‍ പറഞ്ഞത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യം സ്പീക്കര്‍ എങ്ങനെ പറയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷ നേതാവിന് എല്ലാ ബഹുമാനവും നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍, ശ്രദ്ധക്ഷണിക്കല്‍ നടപടിയുമായി മുന്നോട്ടു പോയി.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും പിടിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധം നടത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അതിനിടെ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെ കെ രമ എംഎല്‍എ ഇന്ന് ഗവര്‍ണര്‍ക്ക് കത്തു നല്‍കും.

ഇന്നു വൈകീട്ട് 4.30 ന് ഗവര്‍ണറെ കണ്ടാണ് രമ കത്ത് കൈമാറുക. ടിപി കേസ് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനുള്ള നീക്കമാണ് വിവാദമായത്. ജയില്‍ സൂപ്രണ്ടിന്റെ കത്ത് വിവാദമായതോടെ, പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*