ട്രെയിനുകളിലെ പുതപ്പുകൾ മാസത്തിൽ ഒരിക്കലെങ്കിലും കഴുകുന്നുണ്ടോ? റെയിൽവേ മന്ത്രിയുടെ മറുപടി ഇങ്ങനെ

ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിലൊരിക്കൽ മാത്രമാണ് കഴുകി വൃത്തിയാക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ ബുധനാഴ്ച കോൺഗ്രസ് എംപി കുൽദീപ് ഇന്ദോരയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ട്രെയിനുകളിലെ കമ്പിളിപ്പുതപ്പ് എപ്പോഴൊക്കെയാണ് കഴുകുന്നതെന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അടിസ്ഥാന ശുചിത്വം ഉറപ്പാക്കുന്നുണ്ടോ എന്നുമായിരുന്നു കോൺഗ്രസ് എംപിയുടെ ചോദ്യം.

ട്രെയിനുകളിൽ ഉപയോഗിക്കുന്ന പുതപ്പുകൾ കട്ടി കുറഞ്ഞവയാണെന്നും എളുപ്പത്തിൽ അലക്കാൻ കഴിയുന്നവ ആണെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി. യാത്രക്കാരുടെ കംഫർട്ടും സേഫ്റ്റിക്കും വേണ്ടി പല കാര്യങ്ങളും റെയിൽവേ ചെയ്യുന്നുണ്ട്. പുതപ്പുകൾ യന്ത്ര സഹായത്തോടെയാണ് കഴുകി വൃത്തിയാക്കുന്നത്. ലിനൻ കഴുകാനുള്ള പ്രത്യേക രാസ മിശ്രിതങ്ങൾ ചേർത്താണ് ഈ പ്രവർത്തനങ്ങളെന്നും മന്ത്രി പ്രതിപക്ഷ എംപിക്ക് എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി.

കഴുകിയ ലിനെന്റെ ഗുണനിലവാരം മനസ്സിലാക്കാൻ വൈറ്റോമീറ്റർ ഉപയോഗിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയിൽ പരാതി പരിഹരിക്കുന്നതിന് വാർ റൂമുകൾ സോണൽ ആസ്ഥാനങ്ങളിലും ഡിവിഷണൽ തലത്തിലും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡെപ്പോർട്ടർ വഴി ലഭിക്കുന്ന പരാതികളിൽ എല്ലാം കൃത്യമായ നടപടി എടുക്കുന്നുണ്ട്. പുതപ്പിന്റെയും കിടക്കവിരിയുടെയും കാര്യത്തിലും ഇതുതന്നെയാണ് ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*