മുന്നറിയിപ്പില്ലാതെ ട്രെയിൻ 13 മണിക്കൂര്‍ വൈകിയതുമൂലം യാത്ര മുടങ്ങിയ സംഭവത്തിൽ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജരായ കാര്‍ത്തിക് മോഹനാണ് പരാതിക്കാരൻ.
ചെന്നൈ – ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകിയതിനാൽ യാത്ര മുടങ്ങിയെന്നും ഇതുമൂലം ചെന്നൈയില്‍ കമ്പനിയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാര്‍ത്തിക് മോഹൻ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
ചെന്നൈയിലേക്ക് പോകാൻ കാർത്തിക് മോഹൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ യാത്രയ്ക്കായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാത്രമാണ് ട്രെയിന്‍ 13 മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് റെയില്‍വേയില്‍നിന്ന് ലഭിച്ചത്. ട്രെയിൻ വൈകിയതിനാൽ പരാതിക്കാരന് ചെന്നൈയില്‍ നടന്ന യോഗത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മറ്റ് ഒട്ടനവധി യാത്രക്കാരെയും നീറ്റ് പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥികളെയും ട്രെയിനിന്റെ മുന്നറിയിപ്പില്ലാത്ത വൈകല്‍ ദുരിതത്തിലാക്കിയെന്നും പരാതിയിൽ പറയുന്നു.
റെയില്‍വേയുടെ നിരുത്തരവാദിത്തപരമായ ഈ പ്രവൃത്തികാരണം സാമ്പത്തിക മാനസിക ബുദ്ധിമുട്ടുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കാർത്തിക് മോഹൻ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്. എന്നാല്‍ യാത്രയുടെ ഉദ്ദേശ്യം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നുമുള്ള വിചിത്ര വാദമാണ് കമ്മീഷൻ മുൻപാകെ റെയില്‍വേ ഉന്നയിച്ചത്. റെയില്‍വേയുടെ വാദങ്ങൾ പൂര്‍ണമായും തള്ളിയ കമ്മിഷന്‍, ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയില്‍വേ യാര്‍ഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് മൂലമാണ് ട്രെയിന്‍ വൈകിയതെന്നും ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കുന്നതിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും റെയില്‍വേ അധികൃതര്‍ പരാജയപ്പെട്ടതായും കണ്ടെത്തി.
യാതൊരു ന്യായീകരണവുമില്ലാതെ ട്രെയിന്‍ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും റെയില്‍വേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണമെന്നും കമ്മീഷന്‍ വിലയിരുത്തി. യാത്രക്കാര്‍ക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുകയെന്നത് റെയില്‍വേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്ന് കമ്മീഷന്‍ ഓര്‍മിപ്പിച്ചു.
സേവനത്തില്‍ വീഴ്ചവരുത്തിയ ദക്ഷിണ റെയില്‍വേ, അന്‍പതിനായിരം രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും പതിനായിരം രൂപ കോടതി ചെലവായും 30 ദിവസത്തിനകം നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്‍കി.
Be the first to comment