ഭീഷണിപ്പെടുത്താനും അക്രമിക്കാനും യുവാക്കളെ പരിശീലിപ്പിക്കുന്നു; ഗവര്‍ണര്‍

തിരുവനന്തപുരം: മൃഗീയമായ പരസ്യവിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ വീട് സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടതായും സന്ദർശനത്തിന് പിന്നാലെ ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.  ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ സമൂഹം എങ്ങിനെയാണ് മുന്നോട്ട് പോകുക.

ഒരു വിഷയം ഉണ്ടാകുമ്പോൾ മാത്രമാണ് നാം സഹതപിക്കുന്നത്. ഇത്തരം ആക്രമണങ്ങളിൽ ചിലപ്പോൾ പശ്ചാത്താപമുണ്ടായേക്കാം. സംസ്ഥാനത്ത് യുവാക്കളെ അക്രമം നടത്തുന്നതിന് പരിശീലിപ്പിക്കുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും ആക്രമണങ്ങൾക്കുമായി യുവാക്കളെ പരിശീലിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ വിധി.  മുതിർന്ന നേതാക്കളെയാണ് കോടതി കേസിൽ ശിക്ഷിച്ചിരിക്കുന്നത്.  ഇത്തരം കാര്യങ്ങളിൽ സമൂഹം മാറി ചിന്തിക്കേണ്ടിരിക്കുന്നു.

ആക്രമത്തിന്റെ പാത തുടരുന്നതിനാൽ ഇരുപതാം നൂറ്റാണ്ടിൽ വിപ്ലവമായി കണക്കാക്കിയ ഈ പ്രത്യയശാസ്ത്രം ഇന്ന് ലോകത്ത് എല്ലായിടത്തും നശിച്ചു. എന്നാൽ, നിർഭാ​ഗ്യവശാൽ‌ കേരളത്തിൽ ഇവർ ഇന്നും മുന്നോട്ട് പോകുന്നു.  യുവാക്കളെ ഒരുപരിധിയിലധികം കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ല.  കാരണം, ഇവർ മറ്റുള്ളവരുടെ കൈയ്യിലെ വെറും കരുക്കളാണ്. ഇവർക്കെതിരെ പോലീസ് കേസെടുക്കുന്നതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു.

ഇതോടെ, ഇവർ ചില രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കേണ്ടിവരുന്നു. ആക്രമത്തിന്റെ പാത കൈവിടണമെന്ന് ഓരോ പാർട്ടിയോടും താൻ ആവശ്യപ്പെടുന്നു. ആ അമ്മയുടെ അവസ്ഥ നോക്കൂ. അവരുടെ സഹോദരന്റെ കാര്യ ആലോചിക്കൂ. തന്റെ മനസ്സ് അവരോടൊപ്പമുണ്ടെന്നും ​ഗവർണർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*