ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം; സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലറിനെതിരെയുള്ള കേസ് ഇന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കവേയാണ് തീരുമാനം. നേരത്തെ സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രൈബ്യൂണല്‍ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണല്‍ റദ്ദാക്കിയത്.

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോള്‍ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷന്‍ ഡ്യൂട്ടിക്കു മതിയായ മുന്‍ഗണന നല്‍കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പരിഗണിക്കാതെയായിരുന്നു സര്‍ക്കാര്‍ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പട്ടിക സ്റ്റേ ചെയ്തത്. മാനനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റം നടത്തിയെന്നും ട്രൈബ്യൂണല്‍ വിലയിരുത്തിയിരുന്നു.

പൊതുസ്ഥലംമാറ്റത്തില്‍ മാതൃജില്ലയോ സമീപജില്ലയോ ആവശ്യപ്പെടുന്നവര്‍ക്ക് അവരുടെ കഴിഞ്ഞകാലങ്ങളിലെ ഔട്ട് സ്റ്റേഷന്‍ ഡ്യൂട്ടി കൂടി പരിഗണിച്ചാകണം പുതിയ സ്ഥലംമാറ്റം നല്‍കേണ്ടതെന്നായിരുന്നു ട്രൈബ്യൂണലിന്‍റെ ആദ്യ ഉത്തരവ്. സമീപ ജില്ല എന്ന കോടതി നിര്‍ദേശത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഇതുമായി ബന്ധപെട്ട കേസ് ട്രൈബ്യൂണല്‍ പരിഗണിക്കുന്നതിനാലാണ് സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*