കേരളത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ട്രാന്‍സ്ജെന്‍ഡര്‍ സംരക്ഷണ സെല്ലുകള്‍ വരുന്നു; സര്‍ക്കാര്‍ അനുമതി

കൊച്ചി: കൊച്ചിയില്‍ അസിസ്റ്റന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന 33 വയസ്സുള്ള ട്രാന്‍സ് വുമണ്‍ ഏഞ്ചല്‍ ശിവാനിക്ക് ഫെബ്രുവരി 7 ന്, പാലാരിവട്ടം മെട്രോ സ്റ്റേഷന് പുറത്തുവെച്ച് ക്രൂരമര്‍ദ്ദനമേല്‍ക്കുന്നു. പള്ളുരുത്തി സ്വദേശിയായ പുരുഷനാണ്, അവരെ കണ്ടയുടന്‍ യാതൊരു പ്രകോപനവുമില്ലാതെ ഇരുമ്പുവടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ ഏഞ്ചല്‍ ശിവാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കേരളത്തിലുടനീളം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളില്‍ അടുത്തിടെയുണ്ടായ വര്‍ധന കണക്കിലെടുത്ത്, സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ സെല്‍ (ടിപിസി) രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 

നേരത്തെ ക്രമസമാധാന എഡിജിപിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ, ശിശു വിഭാഗം സെല്ലാണ് (ഡബ്ല്യുസിഡബ്ല്യുഎസ്), ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നല്‍കുന്ന പരാതികളും കൈകാര്യം ചെയ്തിരുന്നത്. നിലവില്‍ എല്ലാ പോലീസ് ജില്ലകളിലും വനിതാ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സെല്ലുകളുടെ അനുബന്ധ സ്ഥാപനമായി ടിപിസികള്‍ പ്രവര്‍ത്തിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ അംഗങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചൂഷണം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനായി ടിപിസികള്‍ കൗണ്‍സിലിങ് സെഷനുകള്‍ ആരംഭിക്കും. വനിതാ സെല്ലുകളുള്ള കൗണ്‍സിലിങ് യൂണിറ്റുകള്‍ ഇതിനായി ഉപയോഗപ്പെടുത്തും. നിലവില്‍ വനിതാ സെല്ലുകളുടെ തലപ്പത്ത് വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് ഉള്ളത്, അവര്‍ ടിപിസികളുടെയും ചുമതല വഹിക്കും.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, ടിപിസികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത വ്യക്തികളുടെ രേഖകള്‍ തേടാന്‍ സാധിക്കുമെന്ന് പൊലീസ് ഓഫീസര്‍ വ്യക്തമാക്കി. 2021 ല്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഇത്തരം സെല്ലുകള്‍ ആരംഭിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ടിപിസികള്‍ ആരംഭിക്കുന്നത് സ്വാഗതാര്‍ഹമായ നീക്കമാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ രക്ഷാധികാരിയും കെപിസിസിയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അംഗവുമായ അരുണിമ പറഞ്ഞു. ടിപിസികള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളുടെ പ്രാതിനിധ്യം ഇല്ല. ഈ വിഭാഗത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഈ വിഭാഗത്തില്‍പ്പെട്ടവരെ സേനയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. എല്ലാ ജില്ലകളിലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി ഒരു പ്രത്യേക പോലീസ് സ്റ്റേഷന്‍ വേണമെന്നും അരുണിമ ആവശ്യപ്പെട്ടു.

ഞങ്ങള്‍ക്ക് മാത്രമേ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ശരിക്ക് മനസ്സിലാക്കാന്‍ കഴിയൂ. മറ്റു സംസ്ഥാനങ്ങളിലെല്ലാം ട്രാന്‍സ് വുമണിനെയും ട്രാന്‍സ് പുരുഷനെയും പോലീസ് സേനയിലെടുത്തിട്ടുണ്ട്. കേരളത്തില്‍ തങ്ങളുടെ ആളുകളെ സേനയില്‍ എടുക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നും അരുണിമ കുറ്റപ്പെടുത്തി.

 

Be the first to comment

Leave a Reply

Your email address will not be published.


*