ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും മൂലം വിശ്വാസ്യതയിടിഞ്ഞ ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കുവാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മുൻ ഐഎസ്ആര്‍ഓ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗസമിതിയാണ് രൂപീകരിച്ചത്.
പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. പരീക്ഷകളിൽ വരുത്തേണ്ട സമൂലമായ മാറ്റം, ഡാറ്റ സുരക്ഷാ പ്രോട്ടോകോളുകൾ കൂടുതൽ സുരക്ഷിതമാക്കുക, ദേശീയ പരീക്ഷാ ഏജൻസിയുടെ നടത്തിപ്പ് കൂടുതൽ മികച്ചതാക്കുക എന്നിവയും കമ്മിറ്റിയുടെ പഠനവിഷയമാകും. രണ്ട് മാസമാകും കമ്മിറ്റിയുടെ കാലാവധി.
അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. ക്രമക്കേട് പുറത്തു വന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത തകർന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ചോദ്യപേപ്പർ വിൽപ്പനയാണ് നടന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് ഇതിൻ്റെ ധാർമ്മിക ഉത്തരവാദിത്തമുണ്ട്. ഇതിനെല്ലാം കണക്ക് പറഞ്ഞ് മന്ത്രിയെ കൊണ്ട് ലോക്സഭയിൽ ഉത്തരം പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ ക്രമക്കേട് തടയാൻ പര്യാപ്തമായ അന്വേഷണവും പരിഹാരവും ഉണ്ടാകുന്നത് വരെ സമരം തുടരും. ഇത്രയായിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി ദീർഘകാലമായി ആവശ്യപ്പെടുന്ന വിഷയമാണ്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ആലോചന നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.
Be the first to comment