ബസില്‍ യാത്ര ചെയ്യുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍: ആഢംബര ബസ് വിമര്‍ശനം തള്ളി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നവകേരള സദസ്സിനായി ഒരു കോടിയുടെ ബസ് ഉപയോഗിക്കുന്നത് ആഢംബരമാണെന്ന വാദം തള്ളി ഗതാഗതമന്ത്രി ആന്റണി രാജു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസിൽ യാത്ര ചെയ്യുന്നത്. 21 മന്ത്രിമാരും എസ്കോർട്ടും കൂടി 75 വാഹനങ്ങളുണ്ടാകും. ഇത് ഗതാഗത കുരുക്കിന് പുറമെ സാമ്പത്തിക ചെലവും കൂട്ടും. ഈ സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ബസിൽ സഞ്ചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 25 സീറ്റുകളുള്ള ബെൻസ് ബസ്സാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുൾപ്പെടെ എല്ലാ മന്ത്രിമാരും ഇതിലായിരിക്കും യാത്ര ചെയ്യുന്നത്. ബസ്സിൽ ശുചിമുറി സൗകര്യമുണ്ട്. അതല്ലാതെ, മറ്റ് ആർഭാടങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ് ആർടിസിക്ക് ഇതിനേക്കാൾ വില കൂടിയ ബസ്സുകളുണ്ട്. ബംഗളൂരുവിൽ നിന്നാണ് പുതിയ ബസ് വരുന്നുവെന്ന ആരോപണവും തെറ്റാണ്. ബസ് നവീകരിക്കുന്നത് ആഢംബരത്തിനല്ല. ഈ ബസ് പിന്നീട് ടൂറിസത്തിനായി വിട്ടു നൽകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ആഡംബര ബസ് സജ്ജീകരിക്കാനായി ഒരു കോടി അഞ്ചു ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ബജറ്റിൽ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണ് പണം അനുവദിച്ചത്.

നവകേരള സദസ്സിനായി ആഡംബര ബസ് ഉപയോഗിക്കുന്നതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചിരുന്നു. കർഷകർക്ക് കൊടുക്കാൻ പണമില്ല. ജനങ്ങളെ കാണാൻ ഒരു കോടിയുടെ ബസിൽ വരുന്നുവെന്ന് വിഡി സതീശൻ പരിഹസിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*