മന്ത്രി-യൂണിയന്‍ പോര് ശക്തം; ഡിപ്പോകളിലും ബസുകളിലും രാഷ്ട്രീയ പോസ്റ്ററുകള്‍ വേണ്ട, കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകള്‍ ഒട്ടിക്കരുതെന്നാണ് നിര്‍ദേശം. നിര്‍ദിഷ്ട സ്ഥലത്ത് മാത്രം പോസ്റ്ററുകള്‍ ഒട്ടിക്കുക. താന്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ആണെങ്കില്‍ പോലും ഒട്ടിക്കുന്നതില്‍ നിന്നും യൂണിയനുകള്‍ പിന്‍മാറണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു

അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകള്‍ക്ക് അവര്‍ക്ക് അനുവദനീയമായ സ്ഥലത്ത് മാത്രം പോസ്റ്റര്‍ ഒട്ടിക്കാമെന്നാണ് നിര്‍ദേശം. പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ശമ്പള പ്രതിസന്ധി, ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ മന്ത്രിക്കും സര്‍ക്കാരിനുമെതിരെ യൂണിയനുകള്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്. മന്ത്രിക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിഐടിയു അടക്കമുള്ള യൂണിയനുകള്‍. കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധിയും തുടരുകയാണ്.

ഡ്രൈവിംഗ് ടെസ്റ്റിന് ഇന്‍സ്ട്രക്ടര്‍മാരെ നിര്‍ബന്ധമാക്കിയ നിബന്ധനയില്‍ നിന്ന് പിന്മാറില്ലെന്നും കെ ബി ഗണേഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിദിനം 250 പേര്‍ക്ക് ടെസ്റ്റിന് അവസരം നല്‍കണമെന്നാണെങ്കില്‍ അത് ഹൈക്കോടതി പറയട്ടെ എന്നും യൂണിയനുകള്‍ക്ക് മുന്നില്‍ ഇനി മുട്ടുമടക്കാനില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*