വലിയ ചീത്തപ്പേരാണ് ഉണ്ടാക്കുന്നത്; അപകടത്തിന്റെ ഉത്തരവാദിത്വവും ചെലവും ഡ്രൈവര്‍മാര്‍ക്ക് ആയിരിക്കും; സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് താക്കീത്

തിരുവനന്തപുരം: സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും കണ്ടക്ടര്‍മാര്‍ മര്യാദയോടെ പെരുമാറണമെന്നും മന്ത്രി പറഞ്ഞു. സ്വിഫ്റ്റിലെ ജീവനക്കാരുമായി ബന്ധപ്പെട്ട് നിരന്തരമായി പരാതി കിട്ടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പെന്നും മന്ത്രി പറഞ്ഞു.

‘3500 കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലുണ്ട്. ഇതില്‍ കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാരേക്കാള്‍ മരണകാരണമാകുന്ന മാരകമായ അപകടങ്ങള്‍ കൂടുതലുണ്ടാക്കുന്നത് സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാരാണ്. യാത്രക്കാര്‍ കയറുന്നതു കൊണ്ടാണ് നിങ്ങള്‍ ശമ്പളം വാങ്ങുന്നത്. ഇല്ലെങ്കില്‍ ശമ്പളം കിട്ടില്ല.

യാത്രക്കാരോടു മര്യാദയ്ക്കു സംസാരിക്കണം. ഭിന്നശേഷിക്കാരോ വൃദ്ധരോ വന്നാല്‍ അവരെ ബസിലേക്കു പിടിച്ചു കയറ്റണം. ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ അനുസരിക്കാത്തതു കൊണ്ടാണ് നേരിട്ട് ഇത്തരത്തില്‍ നിര്‍ദേശം നല്‍കുന്നത്. കര്‍ശനമായ നടപടി ഉണ്ടാകും. അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ പൂര്‍ണ ഉത്തരവാദിത്തവും ചെലവും ഡ്രൈവര്‍മാര്‍ക്കായിരിക്കും’. – മന്ത്രി വ്യക്തമാക്കി.

വളരെ ശ്രദ്ധയോടെ ഓടിച്ചില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കും. ഇത് മന്ത്രിയുടെ ഉത്തരവാണ്. ഓണത്തോടനുബന്ധിച്ച് ഇത്തവണ നാലരലക്ഷം പേരാണ് അധികം കയറിയത്. അത് കെഎസ്ആര്‍ടിസിയെ ജനം വിശ്വസിക്കുന്നതിന്റെ തെളിവാണ്. അംഗപരിമിതരുടെ സീറ്റില്‍ ആരെങ്കിലും ഇരുന്നാല്‍ അവരെ എഴുന്നേല്‍പ്പിക്കണം.

പല ഉത്തരവ് ഇറക്കിയിട്ടും സ്വിഫ്റ്റ് ജീവനക്കാരുടെ പെരുമാറ്റത്തില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ കെഎസ്ആര്‍ടിസി ആക്‌സിഡന്റ് മരണം നേരത്തെ ഒന്‍പതായിരുന്നു. ഈയിടെയായി ഒരെണ്ണം പോലും ഉണ്ടായിട്ടില്ല. ഇതിന് കാരണം മദ്യപിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതാണ്. അപകടങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സ്വിഫ്റ്റിന്റെ ഭാഗത്തുനിന്നാണെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*