ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും ; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. 

ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ ആരംഭിക്കുക. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നതെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെഎസ്ആർടിസിയിൽ ശമ്പളം ഒന്നിനും അഞ്ചിനും ഇടയിൽ ഉറപ്പാക്കുന്ന സാഹചര്യം രണ്ട് – മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകും. ഓണം ബോണസ്, അലവൻസ് എന്നിവ ഈ മാസം 30 ന് ശേഷം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുമാസം ശരാശരി 40 മുതൽ 48 വരെ അപകടങ്ങൾ നടക്കുന്ന സാഹചര്യങ്ങൾ നിലനിന്നിരുന്നു എന്നാൽ ഇപ്പോൾ ബ്രെത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറയ്ക്കാനായെന്നും ആഴ്ചയിൽ ഒരു അപകടമരണം പോലും ഇല്ലാത്ത നല്ല ദിവസം ബ്രെത്ത് അനലൈസർ പദ്ധതിക്ക് പിന്നാലെ ഉണ്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*