കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണ ശമ്പളം, ഒന്നാം തീയതി തന്നെ നൽകാൻ സംവിധാനം ഒരുക്കും: മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ​ഗഡുവായി ഒന്നാം തീയതി തന്നെ നൽകാനായുള്ള സംവിധാനം വരുമെന്ന് ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതായി മന്ത്രി അറിയിച്ചു. ഈ കാര്യം പരിഗണിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഒരു മാസത്തിനകം വിഷയത്തിൽ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചർച്ച നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൺസോഷ്യം കിട്ടുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. അത് നിലവിൽ മാറിയിട്ടുണ്ട്. ഇപ്പോൾ കെഎസ്ആർടിസി ബി കാറ്റഗറിയിലാണെന്നും മന്ത്രി അറിയിച്ചു.

കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കുമെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആർടിസി കംഫർട് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി പരിഷ്കരിക്കും. 23 ഡ്രൈവിംഗ് സ്കൂളുകൾ കൂടി കെഎസ്ആർടിസി തുടങ്ങും.15 വർഷമായ വാഹനങ്ങൾ പൊളിക്കാനുള്ള ടെണ്ടർ നടപടി ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*