
മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ നടത്തിയ വഴിപാട് രസീത് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ പരസ്യപ്പെടുത്തി എന്ന മോഹന്‍ലാലിന്റെ പ്രതികരണം തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.
വഴിപാട് വിവരങ്ങള്‍ കൗണ്ടറില്‍ വളരെ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണം. വസ്തുതകള്‍ മനസിലാക്കി മോഹന്‍ലാല്‍ പ്രസ്താവന തിരുത്തണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ കഴിപ്പിച്ച വഴിപാട് ഇരുവരുടേയും സ്നേഹത്തിന് തെളിവായി ഏറെ പ്രശംസിക്കപ്പെടുകയും അതേസമയം നിരവധി അഭ്യൂഹങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇന്നലെ ഒരു സിനിമാ പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു തമിഴ് പ്രേക്ഷകര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ രസീത് ചോര്‍ത്തിയതാകാമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചത്.
മമ്മൂട്ടി സഹോദരനെന്നും പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.
Be the first to comment