ട്രോളിംഗിനെ തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ പഴകിയ മീനിന്റെ ചാകര; അധികാരികൾ കണ്ണടയ്ക്കുന്നു

കോട്ടയം: ട്രോളിംഗിനെ തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്നാട്, മംഗലാപുരം, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പഴകിയ മീൻ എത്തുന്നത് വ്യാപകമായി. കണ്ടെയ്നറുകളിൽ നിറച്ച് ട്രെയിൻ വഴിയും ചെക്കു പോസ്റ്റുകളിലൂടെ ലോറികളിൽ എത്തുന്ന മീനും ശരിയായി പരിശോധിക്കുന്നില്ല. ട്രോളിംഗ് നിരോധനമുള്ളതിനാൽ ചെറുവളങ്ങൾ ഉപയോഗിച്ചുള്ള ചെറിയ മീൻ ലഭ്യതയേ കേരളത്തിൽ ഇപ്പോഴുള്ളൂ.

ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമായി വലിയ മീനുകളെത്തുന്നത് അയൽ സംസ്ഥനങ്ങളിൽ നിന്നാണ്.  ഒരു വർഷം 9.25 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിനാവശ്യം. കേരള തീരത്തെ കടലിൽ നിന്ന് ആറുലക്ഷം ടൺ മാത്രമേ ലഭിക്കൂ. ബാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തണം. വല്ലപ്പോഴും വഴിപാട് റെയ്ഡ് നടത്തുന്നതല്ലാതെ കൃത്യമായ പരിശോധനയില്ല.

മീനിലെ രാസസാന്നിദ്ധ്യം കണ്ടെത്താൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ച പരിശോധനാ കിറ്റ് ഉപയോഗിച്ചു 25 തവണ വരെ പരിശോധന നടത്താം പേറ്റന്റ് സ്വകാര്യ കമ്പനിക്ക് നൽകിയതിനാൽ ഈ കിറ്റ് വിപണിയിലില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലുള്ള പരിശോധന പലപ്പോഴും പ്രഹസനമായി മാറുന്നു . പഴകിയ മീൻ പിടികൂടി നോട്ടീസ് നൽകുന്ന കടകളിൽ വീണ്ടും ചീഞ്ഞ മത്സ്യം കണ്ടെത്തുന്നത് പതിവാണെങ്കിലും നടപടിയില്ല.

Be the first to comment

Leave a Reply

Your email address will not be published.


*