കുഴിയിൽ വീണ് കാൽമുട്ട് പൊട്ടി ; ചികിത്സച്ചെലവ് 2.5 ലക്ഷം

കോട്ടയം :  കാഞ്ഞിരം ജെട്ടി പാലത്തിനു സമീപം കുഴിയിൽ വീണു കാൽമുട്ടുചിരട്ട പൊട്ടിയ അധ്യാപികയ്ക്കു ചികിത്സയ്ക്കു ചെലവായത് 2.5 ലക്ഷം രൂപ. ജൂലൈ 21നു വൈകിട്ട് 5.30നാണ്.അപകടം നടന്നത്. പാലവും സമീപനപാതയും ചേരുന്ന ഭാഗത്തുള്ള വലിയ ഗട്ടറിൽ വീണാണു കാഞ്ഞിരം എസ്എൻഡിപി സ്കൂളിലെ അധ്യാപിക സി.എം.അനഘയ്ക്കു പരുക്കേറ്റത്.

തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലാണു കാൽമുട്ടിൽ ശസ്ത്രക്രിയ നടത്തിയത്. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. 3 മാസം കഴിഞ്ഞു മാത്രമേ കാൽ നിലത്തു കുത്താവൂ എന്നാണു ഡോക്ടർമാരുടെ നിർദേശം. ഇപ്പോൾ കാലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ തെറപ്പിസ്റ്റിനെ വീട്ടിലെത്തിച്ചു ഫിസിയോതെറപ്പി ചെയ്യുകയാണ് അനഘ.

പാലം നിർമിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നു എന്നാണു നാട്ടുകാർ പറയുന്നത്. അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ ചെറിയ കുഴികൾ വലിയ ഗർത്തങ്ങളായി മാറി. പാലവും സമീപനപാതയും ചേരുന്ന ഭാഗത്തു കുഴികൾ മാത്രമാണുള്ളത്. മഴയെത്തിയാലാണ് ഏറ്റവും ദുരിതം. മുട്ടറ്റം വെള്ളത്തിലൂടെ മാത്രമേ സഞ്ചരിക്കാൻ കഴിയൂ.

വലിയ വെള്ളക്കെട്ട് ഈ ഭാഗത്തു രൂപപ്പെടുന്നതും പതിവാണ്. അടിയന്തരമായി ഈ ഭാഗത്തെ കുഴികൾ നികത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*