
ലോകമെമ്പാടുമുള്ള മനുഷ്യരില്‍ കാണപ്പെടുന്ന ഒരു സാധാരണ ആരോഗ്യപ്രശ്‌നമാണ് നടുവേദന. പക്ഷേ ഇത് പലപ്പോഴും നട്ടെല്ലിന്‍റെ ഗുരുതര പ്രശ്‌നങ്ങളുടെ സൂചനയാണ്.
സാധാരണയായി പതിയെപ്പതിയെ ആണ് നട്ടെല്ല് പ്രശ്നങ്ങള്‍ തലപൊക്കുന്നത്. ഇടയ്ക്കിടെയുള്ള വേദന പിന്നീട് നമ്മുടെ കായിക പ്രവൃത്തികള്‍ പരിമിതപ്പെടുത്തുന്നു. ജോലിക്ക് തടസമാകുന്നു, ഉറക്കം, നടത്തം, കുനിയല്‍ തുടങ്ങിയവയെയും ബാധിക്കുന്നു. അത് കൊണ്ട് തന്നെ രോഗനിര്‍ണയം വളരെ നേരത്തെ തന്നെ നടത്തുന്നത് നന്നായിരിക്കും.
ഡിസ്‌കിന്‍റെ സ്ഥാനഭ്രംശം, അര്‍ബുദ വളര്‍ച്ചകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ഇടമാണ് നമ്മുടെ നട്ടെല്ലെന്ന് പൂനെ മണിപ്പാല്‍ ആശുപത്രിയിലെ നട്ടെല്ല് ശസ്‌ത്രക്രിയ വിദഗ്ദ്ധനായ ഡോ. മോഹിത് മുത്ത പറയുന്നു. ഇവയില്‍ ചിലത് വളരെ നിശബ്‌ദമായി പതുക്കെ നമ്മില്‍ വേരൂന്നുന്നു. ചിലതാകട്ടെ കടുത്ത വേദനയുമായി ഉച്ചത്തില്‍ പ്രഖ്യാപനം നടത്തി എത്തുന്നു. ശരിയായും തക്ക സമയത്തും തിരിച്ചറിഞ്ഞാല്‍ മിക്ക നട്ടെല്ല് രോഗങ്ങളും ശസ്‌ത്രക്രിയ പോലുമില്ലാതെ ഫലപ്രദമായി ഭേദമാക്കാനാകുമെന്നും ഡോ.മോഹിത് മുത്ത പറയുന്നു.
നിങ്ങളുടെ ശരീരത്തിന്‍റെ നിയന്ത്രണ കേന്ദ്രമാണ് നട്ടെല്ല്. ഇത് നിങ്ങളെ നിവര്‍ന്ന് നില്‍ക്കാന്‍ സഹായിക്കുക മാത്രമല്ല മറിച്ച് നിങ്ങളുടെ ശരീരത്തിലെ ഞരമ്പുകളുടെ സന്ദേശങ്ങള്‍ സഞ്ചരിക്കുന്ന സുഷുമ്‌ന നാഡി സ്ഥിതി ചെയ്യുന്ന സൂപ്പര്‍ ഹൈവേ കൂടിയാണിത്. നട്ടെല്ലിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇത് കേവലം നമ്മുടെ ശരീരത്തിന്‍റെ സ്ഥിതിയെ മാത്രമല്ല ബാധിക്കുന്നത് മറിച്ച് നമ്മുടെ ചലനം, ഊര്‍ജ്ജനില, സര്‍വോപരി നമ്മുടെ മാനസിക നില എന്നിവയെ പോലും തകിടം മറിക്കുന്നു.
ഇന്ന് ആളുകളെ സാധാരണയായി ബാധിക്കുന്ന നട്ടെല്ല് പ്രശ്‌നങ്ങള്‍ പരിശോധിക്കാം. ഒപ്പം കരുത്തും ചലനാത്മകതയും നിലവാരമുള്ള ജീവിതത്തിന് വിദഗ്ദ്ധര്‍ നല്‍കുന്ന ചികിത്സാ നിര്‍ദ്ദേശങ്ങളെക്കുറിച്ചും അറിയാം.
സ്ഥാനഭ്രംശം സംഭവിച്ച ഡിസ്‌ക്
ഡിസ്‌കിനുണ്ടാകുന്ന സ്ഥാന ചലനമാണ് സാധാരണയായി നട്ടെല്ലിനെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നം. നിങ്ങളുടെ നട്ടെല്ലുകള്‍ക്കിടയില്‍ നിന്ന് ഒരു മൃദു ഭാഗം നിലതെറ്റി പുറത്തേക്ക് തള്ളുകയും അത് ഒരു ഞരമ്പിനെ ഞെരുക്കുകയുമാണ് സംഭവിക്കുന്നത്. കുത്തിയുള്ള വേദനയാണ് ഇതിന്‍റെ ആദ്യ ലക്ഷണം. ഇത് നടുവിനോ കാലിനോ ആകാം അനുഭവപ്പെടുക. ഇത് പലപ്പോഴും ബലക്ഷയത്തിനും മരവിപ്പിനും കാരണമാകാം.
പലപ്പോഴും ഭാരമുള്ള വസ്‌തുക്കള്‍ ഉയര്‍ത്തുമ്പോഴാണ് പലപ്പോഴും ഇത് സംഭവിക്കുക എന്നും ഡോ.മുത്ത പറയുന്നു. ഇതിന് പുറമെ തെറ്റായ ദിശയില്‍ തിരിയുക മറ്റോ ചെയ്യുമ്പോഴും ഇത് സംഭവിക്കാറുണ്ട്. ഭാഗ്യവശാല്‍ ഇത്തരം സംഭവങ്ങളില്‍ ഭൂരിഭാഗത്തിനും ശസ്‌ത്രക്രിയയുടെ ആവശ്യമുണ്ടാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വിശ്രമമാണ് ഇതിന്‍റെ പ്രതിവിധി. എന്നാല്‍ ദീര്‍ഘ വിശ്രമം അരുതെന്നും അദ്ദേഹം പറയുന്നു. വേദനയ്ക്കുള്ള മരുന്നുകളും കഴിക്കാം. പതിയെ തടവുന്നതും ആശ്വാസമാകും. എന്നാല്‍ മരവിപ്പോ പേശീ ബലക്ഷയമോ ഉണ്ടെങ്കില്‍ എന്‍ഡോസ്‌കോപിക് ശസ്‌ത്രക്രിയയിലൂടെ തകരാറിലായ ഡിസ്‌ക് കോശം നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
സ്‌പൈനല്‍ സ്റ്റെനോസിസ്
സ്പൈനല്‍ സ്റ്റെനോസിസ് എന്നാല്‍ സുഷുമ്‌ന ഇടുങ്ങുന്ന ഇടത്ത് അകത്തുള്ള ഞരമ്പുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്ന സ്ഥിതിയാണിത്. ഇത് വേദന, തരിപ്പ് കാലുകളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകുന്നു. പലപ്പോഴും നടക്കുമ്പോഴും ദീര്‍ഘനേരം നില്‍ക്കുമ്പോഴും മറ്റുമാണ് ഇത് സംഭവിക്കുന്നത്.
ഇത് പലപ്പോഴും പ്രായമായവരിലാണ് കണ്ടുവരാറുള്ളത്. സ്‌പൈനല്‍ സ്റ്റെനോസിസിന് വാതം അഥവ ഡിസ്‌ക് തേയ്‌മാനവുമായി ബന്ധമുണ്ട്. സംരക്ഷണമാണ് ഇതിനുള്ള ചികിത്സ. ഞരമ്പ് വേദനകള്‍ക്കുള്ള മരുന്നുകള്‍ കഴിക്കാം. സുഖകരമായ ആസനങ്ങള്‍ പോലുള്ള ചെറു വ്യായാമങ്ങളും ആകാം. തിരുമ്മല്‍ പോലുള്ള മാര്‍ഗങ്ങളിലൂടെയും നട്ടെല്ലിനെ ചലനാത്മകമാക്കാം. എന്നിട്ടും കാര്യങ്ങള്‍ പഴയപടിയാകുന്നില്ലെങ്കിലോ നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലോ ചെറിയ ശസ്‌ത്രക്രിയയിലൂടെ കാര്യങ്ങള്‍ നേരെയാക്കാമെന്നും ഡോ.മുത്ത പറയുന്നു.
പൊട്ടലുകള്‍ അവഗണിക്കരുത്
എല്ലാ നട്ടെല്ല് പ്രശ്‌നങ്ങളും ക്രമാനുഗതമായി ഉണ്ടാകുന്നതല്ല. ചിലത് ചിലപ്പോള്‍ ഒരു അപകടത്തിലോ വീഴ്‌ചയിലോ ഒക്കെ സംഭവിക്കാം. പ്രായമായവരില്‍ തേയ്‌മാനം കൊണ്ടും എല്ലുകള്‍ക്ക് ബലക്ഷയമുണ്ടെങ്കില്‍ ചെറു വീഴ്‌ചകള്‍ പോലും നട്ടെല്ലിന്‍റെ ക്ഷതത്തിന് കാരണമാകും.
ചില പൊട്ടലുകള്‍ വിശ്രമം കൊണ്ടും അനങ്ങാതിരുന്നും ശരിയാക്കാനാകും. എന്നാല്‍ മറ്റ് ചിലത് ഞരമ്പിന്‍റെ പ്രശ്‌നങ്ങള്‍ അടക്കമുള്ളവയിലേക്ക് നയിക്കാം. മൂത്രാശയ, ഉദര പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ചിലപ്പോള്‍ തളര്‍ന്ന് കിടപ്പാകാനും മതി. ഇത്തരം സംഭവങ്ങളില്‍ ശസ്‌ത്രക്രിയയും സങ്കീര്‍ണമാകാമെന്ന് ഡോ. മുത്ത പറയുന്നു. നട്ടെല്ലിനെ ദീര്‍ഘകാല സങ്കീര്‍ണതകളില്‍ നിന്ന് സംരക്ഷിക്കുക മാത്രമാണ് ഇവിടെ ചെയ്യാനാകുക. ശസ്‌ത്രക്രിയയ്ക്ക് ശേഷം കായിക ചികിത്സകളും രോഗിയുടെ കരുത്ത് വീണ്ടെടുക്കാനും സ്വന്തമായി തന്നെ കാര്യങ്ങള്‍ ചെയ്യാനും സഹായകമാകും.
നട്ടെല്ലിലെ വളവ്
നട്ടെല്ലിന് യാതൊരു വളവുകളുമില്ലെന്നാണ് നമ്മുടെ വിചാരം. എന്നാല്‍ ചിലപ്പോള്‍ ഇവയ്ക്ക് വളവുണ്ടാകാറുണ്ട്. കുട്ടികളിലും കൗമാരക്കാരിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ് സ്‌കോളിയോസിസ്. മിക്കപ്പോഴും ഇത് വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഉണ്ടാകുന്നത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണിത് സര്‍വസാധാരണം. പലപ്പോഴും ഇത് പുറമേക്ക് ദൃശ്യമായിരിക്കില്ല.
ചെറുവളവുകള്‍ക്ക് ശ്രദ്ധ മാത്രം മതിയാകും. എന്നാല്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന കുട്ടികളില്‍ ഇത് കൂടുതല്‍ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഇതിനായി ചിലപ്പോള്‍ ശസ്‌ത്രക്രിയ വേണ്ടി വന്നേക്കാം. ഇത്തരം ശസ്‌ത്രക്രിയകള്‍ ഇപ്പോള്‍ നേരത്തേതിനെക്കാള്‍ സുരക്ഷിതമാണ്. ശസ്‌ത്രക്രിയ വേളയില്‍ ഞരമ്പുകളെ ബാധിക്കാതെ ഞരമ്പുകള്‍ വീക്ഷിച്ച് കൊണ്ട് ഇത് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്നും ഡോ.മുത്ത പറയുന്നു.
നട്ടെല്ലിലെ അര്‍ബുദ വളര്‍ച്ചകള്‍
നട്ടെല്ലിലെ എല്ലാ പ്രശ്‌നങ്ങളും ഇങ്ങനെയൊക്കെ ആകണമെന്നില്ല. ചിലപ്പോള്‍ അതൊരു അര്‍ബുദ വളര്‍ച്ചയുടെ സൂചനയാകാം. നട്ടെല്ലില്‍ ആരംഭിച്ച് സ്‌തനം, ശ്വാസകോശം, ലിംഗം തുടങ്ങി ശരീരത്തിന്‍റെ മറ്റിടങ്ങളിലേക്ക് ഇവ വ്യാപിച്ചേക്കാം. നട്ടെല്ലിലെ അര്‍ബുദ വളര്‍ച്ചകള്‍ നടുവേദനയ്ക്കും മരവിപ്പിനും ബലഹീനതയ്ക്കും ചിലപ്പോള്‍ ശരീരത്തിന്‍റെ ഏകോപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നഷ്‌ടമാകാനും കാരണമാകുന്നു.
ഇവയുടെ ചികിത്സ ഇവ എവിടെ സ്ഥിതി ചെയ്യുന്നു എന്തിനെ ആശ്രയിച്ചായിരിക്കുമെന്നും ഡോ.മുത്ത ചൂണ്ടിക്കാട്ടുന്നു. റേഡിയേഷന്‍ ചികിത്സ, സ്റ്റീരിയോ റേഡിയോ സര്‍ജറി തുടങ്ങിയവയിലൂടെ അര്‍ബുദ വളര്‍ച്ചയെ ചുരുക്കാനാകും. നട്ടെല്ലിന്‍റെ അസ്ഥിരതയ്ക്ക് അര്‍ബുദം കാരണമാകുന്നുണ്ടെങ്കില്‍ ഞരമ്പുകളെ ബാധിക്കാതിരിക്കാനും ഒടിവുകള്‍ തടയാനും ശസ്‌ത്രക്രിയ വേണ്ടി വരും.
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു വിദഗ്ദ്ധ ഡോക്‌ടറുടെ സഹായം തേടുക
- നടുവിനും കഴുത്തിനും സ്ഥിരമായ വേദന
- കൈക്കും കാലിനും മരവിപ്പോ തരിപ്പോ
- വിവരിക്കാനാകാത്ത വിധമുള്ള പേശീ ബലക്ഷയം
- ദീര്‍ഘനേരം നില്‍ക്കാനോ നടക്കാനോ ഉള്ള ബുദ്ധിമുട്ട്
- മൂത്രാശയ, ഉദര നിയന്ത്രണ പ്രശ്‌നങ്ങള്‍
മിക്ക പ്രശ്‌നങ്ങളിലും നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ജീവിത ശൈലി മാറ്റവും ആവശ്യമെങ്കില്‍ ചെറു ശസ്‌ത്രക്രിയയും കൊണ്ട് പരിഹാരമുണ്ടാക്കാനാകുമെന്നും ഡോ. മുത്ത പറയുന്നു. ഇനി നിങ്ങളുടെ നടുവ് പരാതിപ്പെടുമ്പോള്‍ അവഗണിക്കാതിരിക്കുക. അത് ചിലപ്പോള്‍ ഒരു പ്രശ്‌നത്തിന്‍റെയോ പരിഹാരത്തിന്‍റെയോ തുടക്കമാകാം.
Be the first to comment