കോട്ടയം: മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ്, വാതിൽപ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കു പരുക്കേറ്റു. പള്ളം മലേപ്പറമ്പിൽ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (49) ആണു മരിച്ചത്. മേരിക്കുട്ടിയുടെ ബന്ധുവായ ഷേർലി, ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്മിത എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 5നായിരുന്നു സംഭവം.
മേരിക്കുട്ടിയുടെ വീടിന്റെ അയൽപക്കത്തുള്ള ഷേർലിയുടെ വീടിനു മുന്നിൽ നിന്ന കൂറ്റൻ പുളിമരം മുറിക്കുന്നതിനിടെ സ്മിതയുടെ വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു. സമീപവാസിയായ മേരി, മരം മുറിച്ചു മാറ്റുന്നതു കാണുന്നതിനായി ഇവിടേക്കു വന്നതായിരുന്നു.
മരത്തിന്റെ ചുവട് ഭാഗം വെട്ടി വടം ഉപയോഗിച്ച് വലിച്ചിടാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എതിർ ദിശയിലേക്ക് ചെരിഞ്ഞ് വീടിനു മുകളിലേക്കു പതിച്ചു. ഈ സമയം വീടിന്റെ മുൻപിലെ പടിയിൽ ഇരിക്കുകയായിരുന്നു മേരിക്കുട്ടി, ഷേർലി, സ്മിത എന്നിവർ. വീടിന്റെ മുൻവശത്തെ മേൽക്കൂര തകർത്ത മരം മേരിക്കുട്ടിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ഷേർലിയും സ്മിതയും ഓടി മാറാൻ ശ്രമിച്ചെങ്കിലും ഇവരും ശിഖരത്തിനടിയിലായി. മേരിക്കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയെത്തി ശിഖരം മുറിച്ച് മാറ്റിയാണ് ഷേർലിയെയും സ്മിതയെയും പുറത്തെടുത്തത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഘട്ടങ്ങളായി മുറിച്ചു മാറ്റേണ്ട മരം ചുവട്ടിൽനിന്ന് ഒറ്റയടിക്ക് വെട്ടിയിടാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Be the first to comment